സഞ്ജുവിന് കിടിലൻ ഫിഫ്റ്റി; റൺ മല താണ്ടി രാജസ്ഥാൻ: ജയം 4 വിക്കറ്റിന്

rr won kxip ipl

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. നാല് വിക്കറ്റിനാണ് രാജസ്ഥാൻ കരുത്തരായ പഞ്ചാബിനെ തകർത്തെറിഞ്ഞത്. പഞ്ചാബ് മുന്നോട്ടുവെച്ച 224 റൺസിൻ്റെ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസ് ആണിത്. 85 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് (50), രാഹുൽ തെവാട്ടിയ (53) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.

Read Also : റെക്കോർഡുകൾ പഴങ്കഥ; മായങ്കിന് തകർപ്പൻ സെഞ്ചുറി: രാജസ്ഥാന് 224 റൺസ് വിജയലക്ഷ്യം

പഞ്ചാബിനെപ്പോലെ രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചില്ല. ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ 4 റൺസ് മാത്രമെടുത്ത് മടങ്ങി. ഷെൽഡൻ കോട്രലിൻ്റെ പന്തിൽ സർഫറാസ് ഖാൻ പിടിച്ചാണ് ബട്‌ലർ പുറത്തായത്. പിന്നെ നടന്നത് ചെന്നൈക്കെതിരെ നടന്ന മത്സരത്തിൻ്റെ ആവർത്തനമായിരുന്നു. ഇത്തവണ സ്മിത്ത് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ എന്ന് മാത്രം. സഞ്ജു ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിലും റൺ റേറ്റ് ഉയരാതിരിക്കാൻ സഖ്യം ശ്രദ്ധിച്ചു. 26 പന്തിൽ സ്മിത്ത് അർദ്ധസെഞ്ചുറി തികച്ചു. പിന്നാലെ, ടീം സ്കോർ 100ൽ നിൽക്കെ സ്മിത്ത് പുറത്ത്. 27 പന്തുകളിൽ 50 റൺസെടുത്ത സ്മിത്ത് ജിമ്മി നീഷമിൻ്റെ പന്തിൽ മുഹമ്മദ് ഷമിക്ക് പിടികൊടുത്ത് മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവുമായി 81 റൺസിൻ്റെ കൂട്ടുകെട്ടുയർത്താനും സ്മിത്തിനു കഴിഞ്ഞു.

സ്മിത്ത് പുറത്തായതിനു പിന്നാലെ ‘ഒരു ചേഞ്ചിന്” എത്തിയത് രാഹുൽ തെവാട്ടിയ. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ തെവാട്ടിയ ഓവറുകൾ പാഴാക്കി ആവശ്യമായ റൺ റേറ്റ് വർധിപ്പിക്കുകയും ചെയ്തു. ഒടുവിൽ തെവാട്ടിയക്ക് സ്ട്രൈക്ക് നിഷേധിച്ച് സഞ്ജു സിംഗിൾ ഓടാൻ മടി കാണിക്കുക പോലും ചെയ്തു. ഇതിനിടെ 27 പന്തുകളിൽ മലയാളി താരം ഫിഫ്റ്റി തികച്ചു. മാക്‌വെലിനെ ഒരു ഓവറിൽ മൂന്ന് സിക്സറുകൾ അടിച്ച് സഞ്ജു രാജസ്ഥാനു പ്രതീക്ഷ നൽകിയെങ്കിലും 17ആം ഓവറിലെ ആദ്യ പന്തിൽ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തിൽ ലോകേഷ് രാഹുൽ പിടിച്ചാണ് സഞ്ജു പുറത്തായത്. 42 പന്തുകളിൽ 4 ബൗണ്ടറിയും 7 സിക്സറുകളും സഹിതം 85 റൺസ് എടുത്തതിനു ശേഷമായിരുന്നു സഞ്ജു പുറത്തായത്. തെവാട്ടിയയുമായി മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു താരം.

Read Also : ഐപിഎൽ മാച്ച് 9: കിംഗ്സ് ഇലവനു ബാറ്റിംഗ്; രാജസ്ഥാനിൽ യശസ്വി പുറത്ത്

ഉത്തപ്പയാണ് പിന്നീട് എത്തിയത്. ഷെൽഡൻ കട്രൽ എറിഞ്ഞ 18ആം ഓവറിൽ അത്രയും സമയം തിന്നുകളഞ്ഞ പന്തുകൾക്കൊക്കെ തെവാട്ടിയ പ്രായശ്ചിത്തം ചെയ്തു. ആ ഓവറിൽ വിൻഡീസ് പേസറെ തെവാട്ടിയ അടിച്ചത് 5 സിക്സറുകളാണ്. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഉത്തപ്പ (9) പുറത്തായി. ഷമിയുടെ പന്തിൽ നിക്കോളാസ് പൂരാൻ പിടിച്ചാണ് ഉത്തപ്പ മടങ്ങിയത്. പിന്നീടെത്തിയ ജോഫ്ര ആർച്ചർ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി ആഘോഷത്തിൽ പങ്കായി. ഓവറിലെ അഞ്ചാം പന്തിൽ ഒരു സിക്സർ കൂടി നേടിയ തെവാട്ടിയ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. അടുത്ത പന്തിൽ പുറത്തായെങ്കിലും 7 സിക്സറുകൾ അടക്കം 53 റൺസെടുത്തിട്ടാണ് താരം പുറത്തായത്. തെവാട്ടിയയെ മായങ്ക് അഗർവാൾ പിടികൂടുകയായിരുന്നു.

രണ്ട് റൺ മാത്രം വിജയലക്ഷ്യം ഉണ്ടായിരുന്ന അവസാന ഓവർ എറിയാനെത്തിയത് മുരുഗൻ അശ്വിൻ. ആദ്യ പന്തിൽ ഡോട്ട്. രണ്ടാം പന്തിൽ റിയൻ പരഗ് ക്ലീൻ ബൗൾഡ്. അടുത്ത പന്തിൽ ബൗണ്ടറിയടിച്ച ടോം കറനിലൂടെ രാജസ്ഥാന് അവിശ്വസനീയ ജയം.

Story Highlights kings xi punjab lost to rajasthan royals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top