Advertisement

കൊവിഡ് കാലത്തെ എന്റെ വിമാനയാത്ര

September 28, 2020
Google News 1 minute Read

..

ലത പി. വി/ അനുഭവക്കുറിപ്പ്

ഗൃഹനാഥയാണ് ലേഖിക

കൊവിഡ് കാലമാണ്. പുറത്തിറങ്ങാൻ കഴിയാത്ത പരിമിധി ഉണ്ടായിരുന്നെങ്കിലും കൊച്ചു മകളുകളുടെ കുറുമ്പുകൾ, പുതിയ പാചക പരീക്ഷണങ്ങൾ, വായന, എഴുത്ത്, വർത്തമാനങ്ങൾ എന്നിവയൊക്കെ എന്റെ ദിവസങ്ങളെ മനോഹരമാക്കി. ആറ് മാസമായി ഞാൻ എന്റെ രണ്ടാമത്തെ മകൾ സൗമിനിയുടെ കൂടെ ഗുഡ്ഗാവിലാണ് താമസം. കഴിഞ്ഞ മാർച്ച് 15 ന് ഇവിടെ എത്തിയതാണ്. ഏപ്രിൽ 13 ന് തിരിച്ച് നാട്ടിലേക്ക് പോകാം എന്നായിരുന്നു മനസിൽ. അപ്പോഴാണ് ലോകത്തെ ആകെ മാറ്റി മറിച്ച് കൊവിഡ് എന്ന മഹാമാരി വ്യാപിക്കുന്നത്. പിന്നെയങ്ങോട്ട് ലോക്ക്ഡൗൺ. പുറത്തിറങ്ങാതെ മനസിലും ഇരുട്ട് തുടങ്ങിയിരുന്നു. എന്റെ മൂത്ത മകൾ താര മുംബൈയിൽ ആണ്. എനിക്ക് തിരിച്ച് പോകേണ്ടത് അങ്ങോട്ടാണ്.

കൊവിഡ് കണക്ക്, മരണ നിരക്ക്, ഏറ്റവും പ്രിയപ്പെട്ടവരുടെ അനുഭവങ്ങൾ, ഇതൊക്കെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. സെപ്റ്റംബർ മാസം തുടങ്ങിയപ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകളൊക്കെ തുടങ്ങി. അങ്ങനെ തിരിച്ച് മുംബൈയിലേക്ക് പോകാൻ തീരുമാനിച്ചു.

സെപ്റ്റംബർ 20 ന് തിരിച്ച് പോവുകയാണ്. കൊവിഡ് കാലത്തെ തനിച്ചുള്ള വിമാന യാത്ര എന്നിൽ നല്ല ആശങ്കയുണ്ടാക്കി. യാത്രയ്ക്ക് ചില കാര്യങ്ങൾ മുൻ കൂട്ടി ഉറപ്പു വരുത്തേണ്ടതുണ്ട് . ആരോഗ്യസേതു ഡൗൺലോഡ് ചെയ്യണം. വെബ് ചെക്കിംഗ് നിർബന്ധം. ചെക്കിംഗ് ബാഗ് ഉണ്ടെങ്കിൽ നേരത്തെ ഡിക്ലെയർ ചെയ്യണം. എനിക്ക് ചെറിയ ഒരു പെട്ടി മാത്രമേ ഉള്ളൂ. അതുകൊണ്ട് ബാഗ് കയ്യിൽ തന്നെ എടുക്കാൻ തീരുമാനിച്ചു. പിപിഇ കിറ്റ് ആദ്യമായി ധരിക്കുമ്പോ. കൗതുകവും പേടിയും എല്ലാം ഒന്നിച്ച് മിന്നിമറിഞ്ഞു. വീട്ടിൽ നിന്നിറങ്ങിയായൽ പുറത്തുനിന്ന് ഒന്നും കഴിക്കരുതെന്ന് ഞാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫ്‌ളൈറ്റ്. 11 മണിക്ക് എയർപോർട്ടിൽ എത്തണം. 10 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടണം.

ബഹിരാകാശ യാത്രികനെപോലെ ഞാൻ എർപോർട്ടിലെത്തി. രോഗം എനിക്ക് വരരുത്. വ്യാപനം കുറയണം. കൂട്ടം ചേരൽ ഒഴിവാക്കണം ഇത് മാത്രമാണ് മനസിലെ ചിന്ത. എന്റെ വേഷത്തിന്റെ കൗതുകത്തിൽ ഞാൻ പോകുന്നതിലുള്ള കൊച്ചു മകളുടെ സങ്കടം അലിഞ്ഞു പോയി.

അങ്ങനെ 11 മണിക്ക് മുൻപ് തന്നെ എയർപോർട്ടിൽ എത്തി. ആൾത്തിരക്കില്ലാത്ത ശൂന്യത മാത്രം പ്രതീക്ഷിച്ച ഞാൻ ഞെട്ടി. ഒരു പൂരപ്പറമ്പിന്റെ പ്രതീതി. എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന പ്രത്യേകത മാത്രം. കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവരും പ്രായമായവരും ഒക്കെ അക്കൂട്ടത്തിൽ ഉണ്ട്. പക്ഷേ പിപിഇ കിറ്റ് ഇട്ട ഒരാളെയും ഞാൻ കണ്ടില്ല. അത് എന്നിൽ ആശങ്ക ഉണ്ടാക്കി. എല്ലാവരും കൊവിഡിനെ ഉൾക്കൊണ്ട് കഴിഞ്ഞതാവാം. ഇപ്പോഴും പുറത്തിറങ്ങാൻ പേടിയോടെ ഞാൻ മാത്രം സുരക്ഷാ സംവിധാനങ്ങളൊക്കെയായി ആൾക്കൂട്ടത്തിൽ നടക്കുകയാണ്, പഴയ കാലത്തെ മനസിൽ സ്വപ്നം കണ്ട്. ഈ ദുരന്തത്തിൽ നിന്ന് ലോകത്തെ കൈപിടിച്ചുയർത്താലുള്ള പോരാട്ടത്തിൽ നിന്ന് ഞാൻ പിന്മാറില്ല എന്ന് മനസിൽ ഉറപ്പിച്ചു.

ക്യൂവിൽ നിന്ന് ബോർഡിംഗ് പാസ് എടുത്തു. ഗേറ്റ് നമ്പർ 56. നല്ല ദൂരം നടക്കാനുണ്ട്. എയർപോട്ടിൽ തണുപ്പിന് പകരം ചൂടാണ് തോന്നിയത്. ഞാൻ വിയർക്കുന്നുണ്ടായിരുന്നു. ഉർവ്വശി ശാപം ഉപകാരം എന്ന് പറഞ്ഞപോലെ. ടോയ്ലറ്റിൽ പോകാൻ തോന്നിയില്ല. നല്ലത് പോലെ വെള്ളം കുടിക്കാൻ ദാഹിച്ചു. ഒരു കുപ്പി വെള്ളം വാങ്ങി ഒരൽപ്പം കുടിച്ചിട്ട് ഞാൻ നടന്ന് അവിടെയെത്തി. ഫേസ് ഷീൽഡ്, മാസ്‌ക് സാനിറ്റൈസർ അടങ്ങുന്നു ഒരു പാക്കറ്റ് കിട്ടി. ഞാൻ കൂടെ കൊണ്ടുവന്ന എന്റെ ബാഗ് അവർ തടഞ്ഞുവച്ചു. സാധാരണ ഗതിയിൽ ബാഗ് കൈവശംവയ്ക്കാമായിരുന്നു. പക്ഷേ കൊവിഡ് പ്രതിരോധത്തിനാകാം. മുംബൈയിൽ എത്തിയാലേ ഇനി ആ ബാഗ് ലഭിക്കൂ. വിമാനത്തിനുള്ളിലുള്ള കാബിൻ സ്പേസ് ഉപയോഗം കുറച്ചിരിക്കുന്നു, കാരണം പറഞ്ഞത് അതാണ്. അങ്ങനെ മുംബൈയിൽ എത്തി. തിക്കും തിരക്കുമില്ലാത്ത മുംബൈ എയർപോർട്ട് കണ്ടപ്പോ എനിക്ക് അത്ഭുതം തോന്നി. എക്സിറ്റ് ഗേറ്റിൽ നിന്ന് ഇടത്തേ കയ്യിൽ ഒരു സമ്മാനവും കിട്ടി. ഹോം ക്വാറന്റീൻ സീൽ കയ്യിൽ അടിച്ചു. ശരിയാണ് ഞാൻ വാക്ക് പാലിക്കും. കഴിഞ്ഞു പോയ നല്ല കാലങ്ങളെ വീണ്ടെടുക്കാൻ ഞാൻ കൂട്ട് നിക്കും. അങ്ങനെ ഇക്കാലവും കടന്ന് പോകും.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, covidkalathe ente vimanayathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here