പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൈന്യം. മൂന്ന് ഇന്ത്യൻ സൈനികർ വീരമ്യത്യു വരിച്ചതിന് ശേഷവും വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാന് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക് പോസ്റ്റുകൾ അടക്കം തകർന്നു. അതിനിടെ ഇന്ത്യ- ചൈന അതിർത്തിയിലെ സുപ്രധാനമായ 43 പാലങ്ങളുടെ നിർമാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയായതായി സൈന്യം അറിയിച്ചു.
കുപ് വാര ജില്ലയിലെ നൗഗാമിൽ രണ്ടും പൂൻചിൽ ഒന്നും ഇന്ത്യൻ സൈനികരാണ് ഇന്നലെ വീര മ്യത്യു വരിച്ചത്. പ്രകോപനം ഇല്ലാതെ പാകിസ്ഥാൻ നടത്തിയ വെടി വെയ്പ്പിലായിരുന്നു സംഭവം. ഗ്രാമീണർക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനികർക്ക് വീര മ്യത്യു സംഭവിച്ചത്. വൈകിട്ടോടെ കേരൻ അടക്കമുള്ള വിവിധ മേഖലകളിൽ വീണ്ടും വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചു. തുടർന്നായിരുന്നു പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യൻ സേനയുടെ മറുപടി. പാക്ക് പോസ്റ്റുകൾ തകർത്ത ഇന്ത്യൻ സേന നുഴഞ്ഞ് കയറാനുള്ള ഭീകരവാദികളുടെ വിവിധ സ്ഥലങ്ങളിലെ ശ്രമവും പരാജയപ്പെടുത്തി. ഇന്ത്യ നൽകിയ മറുപടി കനത്ത നാശമാണ് പാകിസ്ഥാൻ ഭാഗത്ത് വിതച്ചത്. നുഴഞ്ഞു കയറാൻ ശ്രമിച്ച നിരവധി ഭീകരവാദികൾക്ക് അടക്കം ജീവനും നഷ്ടമായെന്നാണ് വിവരം. വെടിനിർത്തൽ കരാർ ഇനിയും ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യ- ചൈന അതിർത്തിയിലെ 43 പാലങ്ങളുടെ ഉദ്ഘാടനവും ഇതിനിടെ ഇന്ത്യ പ്രഖ്യാപിച്ചു. ചൈനയുടെ എതിർപ്പ് അവഗണിച്ച് റെക്കോർഡ് വേഗതയിലാണ് നിർമാണം പൂർത്തിയായത്. ബോർഡർ റോഡ് ഓർഗനൈസേഷനാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല.
Story Highlights – Indian Army retaliates for ceasefire violations by Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here