ഉംറ തീര്‍ഥാടനം നാളെ പുനരാരംഭിക്കും

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉംറ തീര്‍ഥാടനം നാളെ പുനരാരംഭിക്കും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മക്കയില്‍ ഉംറ കര്‍മം പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു മാര്‍ച്ച് നാലിനു നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും. ഉംറ നിര്‍വഹിക്കാനുള്ള ആദ്യ സംഘം ഇന്ന് അര്‍ദ്ധരാത്രി 12 മണിയോടെ മക്കയില്‍ എത്തും.

ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 6000 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കും. 1000 തീര്‍ഥാടകര്‍ അടങ്ങുന്ന ബാച്ചുകളായാണ് ഉംറ നിര്‍വഹിക്കുക. ഓരോ ബാച്ചിനും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. 18-നും 65-നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണു ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്.

മൊബൈല്‍ ആപ്പ് പ്രാബല്യത്തില്‍ വന്നു ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് അനുമതിപത്രം നല്കി. ഇതില്‍ കൂടുതലും സൗദിയിലെ വിദേശ തൊഴിലാളികളാണ്. അതേസമയം മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ റൌളാ ഷരീഫിലേക്കുള്ള പ്രവേശനം ഈ മാസം പതിനെട്ടിന് ആരംഭിക്കും. ഉംറ തീര്‍ഥാടനത്തിന് അനുമതി ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് റൌളാ സന്ദര്‍ശനത്തിനും അനുമതി ലഭിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റൌളയുടെ 75 ശതമാനം ശേഷി മാത്രമേ ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്തുകയുള്ളൂ. അനുമതി ലഭിക്കുന്നവര്‍ കൊവിഡുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് മദീന സിയാറത്തിന് എത്തേണ്ടത്.

Story Highlights umrah pilgrimage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top