സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് കോടിയേരി ബാലകൃഷ്ണൻ

തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആർഎസ്എസ് സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐഎം പ്രവർത്തകർക്കും ആർ എസ്എസ് കാപാലികരുടെ ആക്രമത്തിൽ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സനൂപടക്കം നാല് സിപിഐഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Read Also :തൃശൂരിലേത് രാഷ്ട്രീയ കൊലപാതകം; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് മന്ത്രി എ സി മൊയ്തീൻ
സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കെ ബിജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബിജെപിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാർട്ടികളിലെ നേതാക്കൻമാർ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകൾ നടത്തുന്നു. നാടിന്റെ സമാധാനം തകർക്കുന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവയ്ക്കാൻ തയ്യാറാവണം. സിപിഐഎം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കണമെന്നും കോടിയേരി പറഞ്ഞു.
Story Highlights – Sanoop pudussery, Cpim, murder, kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here