ഹത്‌റാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ഇടത് നേതാക്കൾ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് ഇടത് നേതാക്കൾ സന്ദർശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇടത് നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, തുടങ്ങിയ നേതാക്കളാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടത്. നീതിക്കായി ഒപ്പമുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇടത് നേതാക്കൾ ആവശ്യപ്പെട്ടു.
Read Also : ഹത്‌റാസ് സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമെന്ന് സുപ്രിംകോടതി
അതിനിടെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകനെയും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖത്തിന്റെ ലേഖകൻ സിദ്ദിഖ് കാപ്പനെയാണ് ഇന്നലെ രാത്രി മഥുര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയും ചില രേഖകളും കണ്ടെത്തി എന്ന് പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതുവരെ സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ 19 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജൻസിയെ ഉൾപ്പെടുത്തിയും പ്രതിഷേധിച്ച സംഘടനകൾക്കെതിരെ നടപടിയെടുക്കും.
Story Highlights – left leaders visited hathras girls house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here