മലയാളി മാധ്യമ പ്രവർത്തകന്‍ ഉത്തര്‍പ്രദേശില്‍ റിമാൻഡില്‍; സംഭവത്തിൽ സുപ്രിംകോടതിയെ സമീപിച്ച് പത്രപ്രവർത്തക യൂണിയൻ

ഹാത്‌റാസിലേക്ക് പോകവേ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പവർത്തകൻ റിമാൻഡിൽ. മുൻകരുതൽ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഴിമുഖം വെബ്‌പോർട്ടലിന്റെ റിപ്പോർട്ടർ സിദ്ധീഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നാണ് യുപി പൊലീസിന്റെ ആരോപണം. മഥുരയിലെ ഉപജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ മാധ്യമ പവർത്തകനെ ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇതിനിടെ, കേരള പത്രപ്രവർത്തക യൂണിയൻ സുപ്രിംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന നടപടിയാണെന്നും മലയാളി മാധ്യമ പ്രവർത്തകനെ ഉടൻ മോചിപ്പിക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു. അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധികൾ യുപി പൊലീസ് പാലിച്ചില്ലെന്നും ആരോപിച്ചു.
അതേസമയം ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് ഇടത് നേതാക്കൾ സന്ദർശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഇടത് നേതാക്കൾ ആവശ്യപ്പെട്ടു. പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇടത് നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്.
Story Highlights – hathras rape case, kuwj, journalist remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here