ഐപിഎൽ മാച്ച് 20: റെക്കോർഡ് തുടരാൻ രാജസ്ഥാൻ; ഫോം തുടരാൻ മുംബൈ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 20ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. അവസാനം ഏറ്റുമുട്ടിയ നാലു മത്സരങ്ങളിലും മുംബൈയെ പരാജയപ്പെടുത്തിയെന്ന ഖ്യാതിയുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. മുംബൈ ആവട്ടെ, സീസണിൽ ആധികാരികമായ രണ്ട് തുടർജയങ്ങൾക്ക് പിന്നാലെയാണ് ഇന്ന് ഇറങ്ങുക. അതുകൊണ്ട് തന്നെ ഇരു ടീമുകളും മൊമൻ്റം തുടരാൻ തന്നെയാവും ശ്രമിക്കുക.
Read Also : റബാഡയ്ക്ക് നാലു വിക്കറ്റ്; തകർന്നടിഞ്ഞ് ആർസിബി; ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ ജയം
രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെയാണ് ഇന്ന് ഇറങ്ങുക. പോയിൻ്റ് ടേബിളിൽ അഞ്ചാമതുള്ള രാജസ്ഥാന് ഒരു തോൽവി കൂടി നേരിടുന്നത് അത്ര സുഖകരമാവില്ല. ആകെ മൊത്തം പ്രശ്നങ്ങളിലാണ് രാജസ്ഥാൻ ഉള്ളത്. ബാറ്റിംഗ് നിരയിലും ബൗളിംഗ് നിരയിലും പ്രശ്നങ്ങൾ ഉണ്ട്. സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ എന്നിവർ മാത്രമാണ് ബാറ്റിംഗ് നിരയിൽ ഉത്തരവാദിത്തം കാണിക്കുന്നത്. തെവാട്ടിയ, മഹിപാൽ, ടോം എന്നിവരൊക്കെ ഒറ്റപ്പെട്ട ചില പ്രകടനങ്ങൾ നടത്തിയെങ്കിലും അത് മതിയാവില്ല. ജോസ് ബട്‌ലറും മികച്ച ഒരു ഇന്നിംഗ്സ് കളിച്ചിട്ടില്ല. റോബിൻ ഉത്തപ്പ, റിയൻ പരഗ് എന്നിവർ ഫോമിൻ്റെ ഏഴയലത്തില്ല. ഉത്തപ്പ ഇന്ന് യശസ്വി ജെയ്സ്വാളിനു വഴിമാറിയേക്കും. അങ്ങനെയെങ്കിൽ യുവതാരം, ജോസ് ബട്‌ലറിനൊപ്പം ഓപ്പൺ ചെയ്യുകയും സ്മിത്ത് മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ചെയ്യും. അതുവഴി രാജസ്ഥാൻ മധ്യനിര അല്പം കൂടി ബാലൻസ്ഡ് ആവുകയും ചെയ്യും. ഉത്തപ്പക്ക് പകരം മനൻ വോഹ്റയെയും പരീക്ഷിക്കാം. വോഹ്റയെ ടോപ്പ് ഓർഡറിലോ മിഡിൽ/ലോവർ ഓർഡറിലോ പരീക്ഷിക്കാം. റയൻ പരഗിനെ കൂടി പുറത്തിരുത്തിയാൽ യശസ്വിക്കും വോഹ്റയ്ക്കും ടീമിൽ ഇടം ലഭിക്കും. യശസ്വി ഓപ്പണിംഗും വോഹ്റ ലോവർ ഓർഡറിലും. ഇത് ടീമിൻ്റെ ബാറ്റിംഗ് ശക്തിപ്പെടുത്തും. ഇനി ഈ ടീം തന്നെ തുടരാനും സാധ്യതയുണ്ട്. ഉത്തപ്പയ്ക്ക് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകി സ്മിത്ത് മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന എന്നതാവും ആ തന്ത്രം. അതും പരീക്ഷിക്കാവുന്നതാണ്. ജയദേവ് ഉനദ്കട്ടും മോശം പ്രകടനങ്ങളാണ് തുടരുന്നത്. അദ്ദേഹത്തിനു പകരം വരുൺ ആരോണിനെയോ കാർത്തിക് ത്യാഗിയെയോ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
Read Also : സ്ലോഗ് ഓവറുകളിൽ ബാറ്റിംഗ് വിസ്ഫോടനം; ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം
മുംബൈ ടീം ഏറെക്കുറെ സെറ്റാണ്. ഡികോക്ക് കഴിഞ്ഞ കളിയിൽ ഫോമിലേക്കെത്തിയത് മാനേജ്മെൻ്റിന് ആശ്വാസമാകും. പൊള്ളാർഡും പാണ്ഡ്യ സഹോദരങ്ങൾ ചേർന്ന് മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതും മുംബൈയുടെ പ്ലസ് പോയിൻ്റാണ്. രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിൻ്റെയും അസ്ഥിരത ഒരു പ്രശ്നമാണെങ്കിലും അത് ടീമിൻ്റെ പ്രകടനങ്ങളെ ബാധിക്കാനിടയില്ല. പാറ്റിൻസൺ-ബോൾട്ട്-ബുംറ ത്രയം മുംബൈയുടെ മറ്റൊരു പ്ലസ് പോയിൻ്റാണ്. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ആദ്യ പത്തിൽ ഈ മൂന്നു പേരും ഇടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുംബൈ ടീമിൽ മാറ്റം ഉണ്ടാവാനിടയില്ല.
Story Highlights – Mumbai Indians vs Rajasthan Royals preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here