വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ബിജെപി എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തിയേക്കും
സംഘപരിവാര്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ബിജെപി എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തിയേക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഡല്‍ഹിയിലേക്ക് എത്തിയതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. എന്‍ഡിഎയില്‍ ചേരുന്നത് കൊണ്ട് സംസ്ഥാനത്തിനും പാര്‍ട്ടിക്കും നേട്ടം ഉണ്ടാകും എങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
രണ്ട് ക്യാബിനെറ്റ് മന്ത്രി സ്ഥാനങ്ങള്‍ അടക്കം വൈഎസ്ആര്‍ കോണ്‍ഗ്രസിന് ബിജെപി വാഗ്ദാനം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം.
വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഇതുവരെ ബിജെപി എന്‍ഡിഎയിലേയ്ക്ക് പരിഗണിച്ചിരുന്നില്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് ജഗന്മോഹന്‍ റെഡ്ഡിയോടുള്ള എതിര്‍പ്പായിരുന്നു കാരണം. സംസ്ഥാനത്ത് ശക്തമായി നടക്കുന്ന മിഷണറി പ്രപര്‍ത്തനങ്ങള്‍ക്ക് ജഗന്മോഹന്‍ റെഡ്ഡി പിന്തുണ നല്‍കുന്നു എന്നാണ് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. തിരുപ്പതി ക്ഷേത്രവുമായി
ബന്ധപ്പെട്ട വിവാദങ്ങളില്‍ അടക്കം ഇക്കാര്യം കര്‍ശമായി സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷേ സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് നേരിടുമ്പോള്‍ തന്നെ ഡല്‍ഹിയില്‍ നരേന്ദ്രമോദിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ നിലപാടാണ് എല്ലാ വിഷമ ഘട്ടത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.
പുതിയ സാഹചര്യത്തില്‍ ഘടകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് വെല്ലുവിളിയാകുമ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കം ഉള്ള എതാനും പാര്‍ട്ടികളെ എന്‍ഡിഎയില്‍ എത്തിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രമം. പാര്‍ട്ടി സംസ്ഥാന സമിതിയോഗത്തിന് ശേഷം തിങ്കളാഴ്ച്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ജഗന്മോഹന്‍ റെഡ്ഡി ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. സെപ്റ്റംബര്‍ 22ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
22 എംപിമാര്‍ ലോക്‌സഭയിലും ആറ് എംപിമാര്‍ രാജ്യസഭയിലും വൈഎസ്ആര്‍ കോണ്‍ഗ്രസിനുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസാണ് പാര്‍ലമെന്റിലെ നാലാമത്തെ വലിയ കക്ഷി. എതിര്‍പ്പ് അവഗണിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ബിജെപി എന്‍ഡിഎയിലേയ്ക്ക് ക്ഷണിച്ചാല്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതികരണം എന്താണെന്നത് ഈ ഘട്ടത്തില്‍ എറെ പ്രധാനപ്പെട്ടതാകും. സംസ്ഥാനത്ത് ത്രിപുര മാതൃകയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന സുനില്‍ ദിയോദ്ക്കറിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാടില്‍ കടുത്ത അമര്‍ഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
Story Highlights – YSR Congress may be included in the NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here