പാതയോര വിശ്രമ കേന്ദ്രത്തിന്റെ ധാരണാ പത്രത്തിൽ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് പാതയോര വിശ്രമ കേന്ദ്രത്തിന്റെ പേരിൽ സർക്കാർ ഭൂമി വിറ്റഴിക്കാൻ ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോർക്കയുടെ കീഴിലുള്ള സ്വകാര്യ കമ്പനി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിംഗുമായി ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ദേശീയ പാതയ്ക്ക് സമീപമുള്ള ഭൂമിയാണ് ഇത്തരത്തിൽ വിറ്റഴിക്കാൻ ഒരുങ്ങുന്നതെന്നും പാതയോര വിശ്രമ കേന്ദ്രം തുടങ്ങാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സർക്കാരിനോട് താൽപര്യം പ്രകടിപ്പിച്ചിട്ടും അവർക്ക് വിട്ടു നൽകാതെ സ്വകാര്യ കമ്പനിയ്ക്ക് കൊടുക്കാൻ സർക്കാർ തീരുമാനിച്ചതെന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു.

ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിംഗുമായുള്ള ധാരണാ പത്രത്തിൽ അടിമുടി ദുരൂഹതയാണുള്ളത്. കമ്പനിയിൽ 74 ശതമാനം ഓഹരി സ്വകാര്യ വ്യക്തികൾക്കാണ്, 26 ശതമാനം സർക്കാരിനും. രണ്ട് പേരെ ഇതിന്റെ ഡയറക്ടർമാരായി നിയമിച്ചതിന്റെ മാനദണ്ഡം എന്താണ്. ഡോ.ഒ.വി മുസ്തഫയും, ബൈജു ജോർജ്ജുമാണ് ഡയറക്ടർമാരായിട്ടുള്ളത് ഇവരുടെ യോഗ്യതയെന്താണ്. കമ്പനിയുമായി ഉണ്ടാക്കിയ എം.ഒ.യു പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മാത്രമല്ല, ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുടെ അഭിപ്രായമെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ വിഷയത്തിൽ റവന്യൂ വകുപ്പിന്റെ അനുമതി ഉണ്ടായിട്ടില്ല. വിഷയം കാബിനറ്റിൽ ചർച്ച ചെയ്തിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നോതാവ് പറഞ്ഞു.

Story Highlights The Leader of the Opposition said that the memorandum of understanding of the roadside rest house was a complete mystery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top