പത്തനംതിട്ടയിൽ അഭിഭാഷകർക്കിടയിൽ കൊവിഡ് പടരുന്നു; കോടതികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ

പത്തനംതിട്ടയിൽ കോടതികളുടെ പ്രവർത്തനം
ആശങ്കയിൽ. പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ ജില്ലാ കളക്ടർക്ക് കത്ത് നൽകി. അഭിഭാഷകർക്കിടയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പത്തിലധികം അഭിഭാഷകർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യം മുൻ നിർത്തിയാണ് കോടതികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ ജില്ലാ കളക്ടർക്ക് കത്ത് നൽകിയത്. മിനി സിവിൽ സ്റ്റേഷനിലും പരിസരത്തുമായി പ്രവർത്തിക്കുന്ന പതിനാലു കോടതികളിലായി 550 ഓളം അഭിഭാഷകരാണ് ജോലി ചെയ്യുന്നത്. ഇതുകൂടാതെ തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും അഭിഭാഷകർ ജോലിക്കെത്തുന്നുണ്ട്. ഇവർക്കിടയിൽ കൊവിഡ് പടരാനിടയായാൽ ജില്ലയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകാനിടവരുംമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ മിനി സിവിൽസ്റ്റേഷൻ പരിസരം കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് നടത്തിയത് വിവാദമായിരുന്നു. കഴിഞ്ഞ മാസം 29നു നടന്ന തെരഞ്ഞെടുപ്പിന് ശേഷം നൂറിലധികം അഭിഭാഷകർ പങ്കെടുത്ത ആഘോഷവും നടന്നു. കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിയതിൽ അഭിഭാഷകർക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
Story Highlights – Covid spreads among lawyers in Pathanamthitta; Bar Association calls for suspension of courts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here