എറണാകുളം ചമ്പക്കരയില്‍ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാം പാലം തുറന്നു

എറണാകുളം ചമ്പക്കരയില്‍ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാം പാലം തുറന്നു. തൃപ്പൂണിത്തുറ – വൈറ്റില റൂട്ടില്‍ ചമ്പക്കര മാര്‍ക്കറ്റിന് സമീപമുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹരമാകും . ഇന്ത്യയിലാദ്യമായി എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചമ്പക്കര കനാലിന് കുറുകെ ഉണ്ടായിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇടുങ്ങിയ പാലത്തിന്റെ സ്ഥാനത്താണ് ഡിഎംആര്‍സി രണ്ട് പുതിയ പാലങ്ങള്‍ നിര്‍മിച്ചത്. ആദ്യ പാലം 2019 മെയ് ഒമ്പതിന് പൂര്‍ത്തിയാക്കി. പത്ത് മാസം കൊണ്ട് പണിതീര്‍ത്ത രണ്ടാം പാലമാണ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

വൈറ്റിലയില്‍ നിന്ന് പേട്ടയിലേക്കുള്ള മെട്രോ പാതക്കൊപ്പമാണ് പാലം പുനര്‍നിര്‍മിച്ചത്. കനാലിലൂടെ ബാര്‍ജുകള്‍ക്ക് ഉള്‍പ്പെടെ കടന്നു പോകാന്‍ സൗകര്യമൊരുക്കി നീളമേറിയ സ്പാനാണ് നിര്‍മിച്ചിരിക്കുന്നത്. 245 മീറ്റര്‍ നീളമുള്ള രണ്ടാം പാലത്തിന്റെ മധ്യഭാഗത്ത് ഏഴുമീറ്ററാണ് ഉയരം. മെട്രോ പാത ഉള്‍പ്പെടെ 50 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഏറ്റെടുത്ത എല്ലാ പദ്ധതികളും ഇതോടെ പൂര്‍ത്തിയായി.

Story Highlights bridge, DMRC, Ernakulam Champakara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top