ശക്തമായ മഴയിൽ മുങ്ങി ഹൈദരാബാദ്; തെലങ്കാനയിൽ 50 പേർ മരിച്ചു

ശക്തമായ മഴയിൽ മുങ്ങി ഹൈദരാബാദ്. നഗരം അടക്കമുള്ള പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ തെലങ്കാനയിൽ 50 പേർ മരിച്ചു. അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സമാനതകളില്ലാത്ത പ്രളയ ദുരിതത്തിലൂടെയാണ് ഹൈദരാബാദ് കടന്നുപോകുന്നത്. ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. നഗരവും പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ. കനത്ത മഴയിൽ ബാലാനഗർ തടാകം കരകവിഞ്ഞൊഴുകിയതും ഹൈദരാബാദ് നഗരത്തിൽ ദുരിതം ഇരട്ടിയാക്കി. ജനസാന്ദ്രത ഏറെയുള്ള നബീൽ കോളനി, ബാബ നഗർ, ബാലാപൂർ, ഖൈറതാബാദ് തുടങ്ങിയ കോളനികൾ വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി.
കുത്തിയൊഴുകുന്ന വെള്ളത്തിൽ അകപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. 15 മുതൽ 20 സെൻറിമീറ്റർ മഴയാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ രേഖപ്പെടുത്തിയത്. 50 പേർ മരിച്ചു. ഏകദേശം 1000 കോടിയുടെ നാശനഷ്ടം ഉണ്ട് എന്നാണ് സർക്കാറിന്റെ പ്രാഥമിക കണക്ക്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം അടുത്ത 24 മണിക്കൂർ കൂടി തെലങ്കാനയിൽ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി.
Story Highlights – Hyderabad heavy rains; At least 50 people have been killed in Telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here