Advertisement

സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു

October 21, 2020
Google News 1 minute Read
covid Test rates revised in kerala

സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100 രൂപയും, ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ജീന്‍ എക്സ്പേര്‍ട്ട് ടെസ്റ്റിന് 2500 രൂപയായും നിശ്ചയിച്ചു. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍ തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു. എന്നാല്‍ മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ കുറച്ചത്.

നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലുംസ്റ്റെപ്പ് കിയോസ്‌കുകള്‍ (സ്‌ക്രീനിംഗ് ടെസ്റ്റിംഗ് എഡ്യൂക്കേഷന്‍ ആന്റ് പ്രിവന്‍ഷന്‍ കിയോസ്‌ക്) സ്ഥാപിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തിലേ രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുവാനും കെണ്ടെയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തി കൊവിഡ് രോഗ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും ഇതിലൂടെ സാധിക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസമാര്‍ ഈപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ്.

Story Highlights covid Test rates revised in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here