ഏറ്റവും വൈകി 50 റൺസ് ടീം ടോട്ടൽ; 20 ഓവർ ബാറ്റ് ചെയ്ത് ഏറ്റവും കുറഞ്ഞ ടോട്ടൽ: കൊൽക്കത്തയ്ക്ക് നാണക്കേടിന്റെ റെക്കോർഡുകൾ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർന്നടിഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാണക്കേടിൻ്റെ റെക്കോർഡുകൾ. ഉജ്വല ബൗളിംഗ് പ്രകടനവുമായി ബാംഗ്ലൂർ ബൗളർമാർ വിറപ്പിച്ചപ്പോൾ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്.
Read Also : അവിശ്വസനീയ ബൗളിംഗ് പ്രകടനവുമായി ബാംഗ്ലൂർ; നാണം കെട്ട് കൊൽക്കത്ത
ഐപിഎലിൻ്റെ 13 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വൈകി 50 റൺസ് ടോട്ടൽ കടക്കുന്ന ടീം എന്നതാണ് കൊൽക്കത്തയ്ക്ക് ഇന്ന് ലഭിച്ച റെക്കോർഡുകളിൽ ഒന്ന്. 15ആം ഓവറിലാണ് കൊൽക്കത്ത 50 തികച്ചത്. 2009ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വെച്ച് ചെന്നൈക്കെതിരെ 13.1 ഓവറിൽ 50 തികച്ച കിംഗ്സ് ഇലവനായിരുന്നു മുൻപത്തെ റെക്കോർഡ്.
20 ഓവർ ബാറ്റ് ചെയ്തിട്ട് ഏറ്റവും കുറഞ്ഞ ടോട്ടൽ കുറിയ്ക്കുന്ന ടീം എന്ന റെക്കോർഡും ഇന്ന് കൊൽക്കത്ത കരസ്ഥമാക്കി. മുൻപത്തെ റെക്കോർഡിലെ ആദ്യ അവകാശികൾ തന്നെയാണ് ഈ റെക്കോർഡിലും കൊൽക്കത്തയ്ക്ക് പിന്നിലുള്ളത്. 2009ൽ ഡർബനിൽ വെച്ച് ചെന്നൈക്കെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് കിംഗ്സ് ഇലവൻ എടുത്തത്.
ബാംഗ്ലൂർ ബൗളർമാരുടെ അസാമാന്യ പ്രകടനമാണ് കൊൽക്കത്തയെ നാണം കെടുത്തിയത്. 30 റൺസെടുത്ത ഓയിൻ മോർഗൻ മാത്രമാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് 8 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
Story Highlights – kolkata knight riders records of shame against royal challengers bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here