Advertisement

കുമ്മനം രാജശേഖരന് എതിരെയുള്ള കേസ് രാഷ്ട്രീയമായി നേരിടും: കെ സുരേന്ദ്രന്‍

October 22, 2020
Google News 2 minutes Read
k surendran SABARIMALA

ബിജെപി നേതാവ് കുമ്മനം രാജശേഖരന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്‌ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംശുദ്ധമായ ജീവിതമാണ് കുമ്മനം രാജശേഖരന്റെത് എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ ധരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഒരു ആരോപണവും കുമ്മനത്തിന്റെ പേരില്‍ കെട്ടിച്ചമക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നാണം കെട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നീച നടപടിയിലൂടെ ബിജെപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നും കെ സുരേന്ദ്രന്‍.

ആറന്മുള സ്വദേശിയില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്ന പരാതിയില്‍ ആറന്മുള പൊലീസാണ് കുമ്മനം അടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസ് എടുത്തത്. കുമ്മനത്തിന്റെ മുന്‍ പിഎ ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ഐപിസി 406, 420, 34 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

Read Also : സാമ്പത്തിക തട്ടിപ്പ് കേസ്; തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

പേപ്പര്‍ കോട്ടണ്‍ മിക്‌സ് നിര്‍മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്ന് പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 30 ലക്ഷത്തിലധികം തുക കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്ന് ഹരികൃഷ്ണന്‍ പറയുന്നു.

കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പല തവണയായി നാലര ലക്ഷം രൂപ തിരികെ കിട്ടിയെന്നും പരാതിയില്‍ പറയുന്നു. കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ കണ്ടുവെന്നും മികച്ച സംരംഭമാണെന്ന് കുമ്മനം വിശ്വസിപ്പിച്ചുവെന്നും പരാതി ഉളള സാഹചര്യത്തിലാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തത്. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കുമ്മനം പ്രതികരിച്ചു.

Story Highlights k surendran, kummanam rajasekharan, money fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here