എഫ്‌ഐആര്‍ പൂര്‍ണമായും ഇ- സംവിധാനത്തിലാക്കണം; ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍

സംസ്ഥാനത്ത് ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ഒരുക്കണം. സംസ്ഥാന തലത്തില്‍ ജയില്‍ ഉപദേശക സമിതി രൂപീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ്, ജയില്‍ പരിഷ്‌കരണത്തിനായുള്ള കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സംസ്ഥാനത്ത് ക്രിമിനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് കമ്മീഷന്റെ പ്രധാന നിര്‍ദേശം. ക്രൈം മാപ്പിംഗ് അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കണം. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സുപ്രിം കോടതി ശുപാര്‍ശ നടപ്പാക്കണം.

Read Also : ഹത്‌റാസ് കേസ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായി ചിത്രീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

എഫ്‌ഐആര്‍ പൂര്‍ണമായും ഇ- സംവിധാനത്തിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പ ചുമത്തുന്നതില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണമെന്നാണ് മറ്റൊരു നിര്‍ദേശം.സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അഴിമതിക്കാരും കഴിവില്ലാത്തവരുമായ പൊലീസുകാരെ പിരിച്ചുവിടണമെന്നും ശുപാര്‍ശയുണ്ട്.

പൊലീസ് ചട്ടങ്ങള്‍ അടിന്തരമായി പാസാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മുഴുവന്‍ ജയിലുകളിലും സിസിടിവി സ്ഥാപിക്കണമെന്നാണ് ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനതലത്തില്‍ ജയില്‍ ഉപദേശക സമിതി രൂപീകരിക്കണമെന്നും റിട്ടയേര്‍ഡ് ജഡ്ജിയെ സമിതിയുടെ അധ്യക്ഷനായി ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡോ പി വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ മെമ്പര്‍മാരുമായ സമിതി 162 പേജുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

Story Highlights justice ramachandran nair commission, kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top