കുഞ്ഞുങ്ങളെ വീട്ടില്‍ എഴുത്തിനിരുത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

vidhyarambham

നാളെയാണ് വിജയദശമി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ ഈ വര്‍ഷം കുട്ടികളെ എഴുത്തിനിരുത്താനാവില്ല. അതിനാല്‍ വീട്ടില്‍ കുട്ടികളെ എഴുത്തിനിരുത്താം. അതിനായി ആവശ്യമായ സാധനങ്ങളും ചെയ്യേണ്ട കാര്യങ്ങളും ഇവയാണ്,

ഒരുക്കേണ്ട സാധനങ്ങള്‍

സരസ്വതി ദേവിയുടെ ചിത്രം അല്ലെങ്കില്‍ വിഗ്രഹം

വൃത്തിയുള്ള പലക

അരി- 250 ഗ്രാം

തേന്‍

നിലവിളക്ക്

തിരിയും നല്ലെണ്ണയും

വെറ്റില, അടക്ക, നാണയം

പായ

വെളുത്ത വൃത്തിയുള്ള മുണ്ട്

നിവേദ്യ സാധനങ്ങള്‍ (പഴം, അവില്‍, മലര്‍, കല്‍ക്കണ്ടം, മുന്തിരി, തേന്‍, കരിമ്പ് തുടങ്ങിയവ)

പൂക്കള്‍

തളിക

ഇത്രയും സാധനങ്ങളാണ് ഒരുക്കേണ്ടത്. ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ

വീട്ടില്‍ ഉചിതമായ സ്ഥാനം കണ്ടെത്തി അവിടെ വൃത്തിയാക്കുക. വൃത്തിയാക്കിയ തറയില്‍ ഒരു പലകയില്‍ സരസ്വതി ദേവിയുടെ ചിത്രം/ വിഗ്രഹം വയ്ക്കുക. മുന്നില്‍ നിലവിളക്ക് അഞ്ച് തിരിയിട്ട് കൊളുത്തി വയ്ക്കുക. ഫോട്ടോയ്ക്ക് മുന്നില്‍ നിലവിലക്കിന് രണ്ട് വശങ്ങളിലായി ഒരു തളികയില്‍ അരിയും മറ്റേ തളികയില്‍ നിവേദ്യ സാധനങ്ങളും വയ്ക്കുക.

ഇനി ഇരിപ്പിടമൊരുക്കാം. പായ വിരിച്ച് അതില്‍ വെള്ള മുണ്ട് വിരിക്കുക. ഏവരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യാം.

രക്ഷിതാവിന്റെ മടിയില്‍ കുട്ടിയെ തെക്കോട്ടൊഴികെ മുഖമായി ഇരുത്തണം.

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതുമേ സദാ

എന്ന് കുട്ടിയെക്കൊണ്ട് പറ്റുന്ന പോലെ ചൊല്ലി പ്രാര്‍ത്ഥിച്ച് തുടങ്ങാം.

ആരാണോ എഴുതിക്കുന്നത് അയാള്‍ നല്ലപോലെ പ്രാര്‍ത്ഥിച്ച് (ഗണപതി, ഗുരു, സരസ്വതി, വ്യാസന്‍, ബ്രഹസ്പതി എന്നിവരെ സ്മരിച്ച് ) സ്വര്‍ണ മോതിരം തേനില്‍ മുക്കി കുഞ്ഞിന്റെ നാവില്‍ ഹരിഃശ്രീ എന്നെഴുതണം.

അതിനുശേഷം കുഞ്ഞിന്റെ വലതു കയ്യിന്റെ മോതിര വിരല്‍ കൊണ്ട് തളികയിലെ അരിയില്‍
ഹരി:ശ്രീ ഗണപതയേ നമ: അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നെഴുതിക്കണം

(കുട്ടിയെക്കൊണ്ട് ഏറ്റു പറയിപ്പിക്കണം)

തുടര്‍ന്ന് മലയാളത്തിലെ 51 അക്ഷരങ്ങളും എഴുതിക്കാം. അതിന് ശേഷം എഴുന്നേറ്റ് എഴുതിപ്പിച്ചയാള്‍ക്ക് കുട്ടിയെകൊണ്ട് ദക്ഷിണ കൊടുപ്പിക്കുകയും നമസ്‌കരിപ്പിക്കുകയും വേണം.

ശേഷം

കായേന വാചാ
മനസേന്ദ്രിയൈര്‍വ്വാ
ബുദ്ധ്യാത്മനാ വാ
പ്രകൃതേ സ്വഭാവാത്
കരോമി യദ്യത്
സകലം പരസ്‌മൈ
ജഗദംബികായൈ
സമര്‍പ്പയാമി

എന്ന് ചൊല്ലിച്ച് ദേവിയെ നമസ്‌കരിക്കാം

എഴുതിക്കുന്നതിനുള്ള അരി ഓരോരുത്തരുടെയും ഇഷ്ട ക്ഷേത്രങ്ങളില്‍ നിന്ന് പൂജിച്ച് വാങ്ങിക്കാവുന്നതാണ്.

Story Highlights vidhyarambham, vijayadashami

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top