കൊച്ചിയില്‍ സീപ്ലെയിന്‍ ഇറങ്ങി

Seaplane landed at Kochi

കൊച്ചിയില്‍ സീപ്ലെയിന്‍ ഇറങ്ങി. ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസിനായി ഗുജറാത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ധനം നിറയ്ക്കാനാണ് സീപ്ലെയിന്‍ കൊച്ചി കായലില്‍ ഇറക്കിയത്. നേവല്‍ ബേസില്‍ നിന്ന് ഇന്ധനം നിറച്ച് വിമാനം ഗുജറാത്തിലേക്ക് പോകും. ഒക്ടോബര്‍ 31 നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണ് സര്‍വീസ്. ഇതിനായി മാലിയില്‍ നിന്നാണ് സീപ്ലെയിന്‍ എത്തിക്കുന്നത്. ഗുജറാത്തിലേക്കുള്ള യാത്രക്കിടെ കൊച്ചിയിലും ഗോവയിലും വച്ച് ഇന്ധനം നിറയ്ക്കും. കൊച്ചിക്കായലില്‍ വണ്ടുരുത്തി പാലത്തിന് സമീപമാണ് സീപ്ലെയിന്‍ ഇറങ്ങിയത്.

വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും മേല്‍നോട്ടത്തില്‍ സ്പൈസ് ജെറ്റ് കമ്പനിക്കാണ് സീപ്ലെയിന്‍ സര്‍വീസ് ചുമതല. അഹമ്മദാബാദില്‍ നിന്ന് കെവാദിയയിലേക്കും തിരിച്ചും ദിവസേന 8 ട്രിപ്പുകളുണ്ടാകും. ഒരാള്‍ക്ക് 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.

Story Highlights Seaplane landed at Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top