കണ്ണൂർ- തലശ്ശേരി ഹൈവേയുടെ നവീകരണവുമായി ബന്ധപ്പെട്ട് എന്നതരത്തിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം എന്ത്? [24 Fact check]

സംസ്ഥാനം ഭരിക്കുന്ന സർക്കാറിനെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന ഘടകങ്ങളിലൊന്നാണ് റോഡ് വികസനവും നവീകരണ പ്രവർത്തനങ്ങളും. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ കണ്ണൂർ- തലശ്ശേരി ഹൈവേയുടെ നവീകരവുമായി ബന്ധപ്പെട്ട് എന്നതരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. എന്താണ് ചിത്രത്തിന്റെ വാസ്തവം പരിശോധിക്കാം.

‘ഇത് ലണ്ടനോ പാരീസോ ദുബായോ അല്ല. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ കണ്ണൂർ തലശ്ശേരി ഹൈവേയാണ്’ എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ, ഈ ഹൈവേ കോഴിക്കോട് പന്തിരാങ്കാവിന്റെ അടുത്തുള്ളതാണോ…?

ഇതേ ചിത്രം മറ്റൊരു അവകാശവാദവുമായി വൈറലായതിനെ തുടർന്ന് ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ലിങ്കുകളാണ് കാണാൻ കഴിഞ്ഞത്. ചിത്രം പോളണ്ടിലെ ബിയലെസ്‌കോ ബിയാല എന്ന സ്ഥലത്തുള്ള എസ് 1 എന്ന എക്സ്പ്രസ് വേയാണ് എന്നതാണ് വസ്തുത.

ഇന്റർനെറ്റിൽ ഇതേ ചിത്രം പല രാജ്യങ്ങളുടെ പേരിനോട് ചേർത്തും പ്രചരിക്കുന്നുണ്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, റുമേനിയ തുടങ്ങിയ ഇതിൽ ചിലത് മാത്രമാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ പരിശോധിക്കുമ്പോഴും ചിത്രം പോളണ്ടിൽ നിന്നുള്ളതാണെന്ന് വ്യക്തമാകും. വികസന നേട്ടങ്ങളെ പ്രകീർത്തിക്കുന്നതിൽ തെറ്റില്ല. എന്നാൽ, വസ്തുതകളെ മറച്ചു വച്ചുകൊണ്ടുള്ള ഇത്തരം പ്രചാരങ്ങളെ ന്യായീകരിക്കാൻ കഴിയുന്നതല്ല.

Story Highlights 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top