Advertisement

ആ ബോണ്ടുകൾ ഞങ്ങളുടേതല്ല; നിഷേധിച്ച് പാക് കമ്പനി

March 15, 2024
Google News 4 minutes Read
Pakistan Company dismissed claims of electoral bonds and issued a clarification

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച രേഖപ്രകാരം ബിജെപിക്കാണ് ഇലക്ട്രറല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ട ഹബ് പവർ കമ്പനി പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ആണെന്നും അവരിൽ നിന്നുപോലും ബിജെപി സംഭാവന സ്വീകരിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 95 ലക്ഷം രൂപയുടെ ഇലക്ടറൽ ബോണ്ടാണ് ഹബ് പവർ കമ്പനി വാങ്ങിയത്. 2019ൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിന് കാരണമായ പുൽവാമാ ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ട് വാങ്ങിയതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.(Pakistan Company dismissed claims of electoral bonds and issued a clarification)

ബിജെപിയെപ്പോലെ വിശ്വാസവഞ്ചകരായിട്ടുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ കണ്ടിട്ടില്ലെന്നും ബിജെപിക്ക് പാകിസ്താൻ കമ്പനികളോട് എന്താണിത്ര സ്നേഹമെന്നും സമാജ്‌വാദി പാർട്ടി എക്സിൽ പോസ്റ്റ് ചെയ്തു. മുതിർന്ന ആർജെഡി നേതാവും രാജ്യസഭാംഗവുമായ മനോജ് ഝായും വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ചു. ബിജെപി അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുപോലും കടുത്ത വിമർശനമാണ് പാക് കമ്പനിയുടെ പണം വാങ്ങിയെന്ന പേരിൽ ഉയരുന്നത്.

വിശദീകരണവുമായി പാക് കമ്പനി

ഇതിനിടെ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി പവർ ഹബ് കമ്പനി ലിമിറ്റഡ് (ഹബ്കൊ) ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രതികരിച്ചു. കമ്പനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.”ഇന്ത്യയിലെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട നടക്കുന്ന അന്വേഷണങ്ങളിൽ ഇന്ത്യൻ കമ്പനിയായ ഹബ് പവർ കമ്പനിക്കു പകരം ഹബ്കോയെ ബന്ധപ്പെടുത്തിയിട്ടുള്ളതായ് മനസ്സിലാക്കുന്നു. ഇലക്ടറൽ ബോണ്ടുമായോ ഈ വിഷയത്തിൽ പരാമർശിക്കപ്പെട്ട ഏതെങ്കിലും കമ്പനിയുമായോ ഞങ്ങൾക്ക് ബന്ധമില്ല. മാധ്യമങ്ങളിൽ പ്രതിപാദിക്കുന്ന സാമ്പത്തിക ഇടപാടുകളുമായും ഹബ്കോയ്ക്ക് ബന്ധമില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ്റെ (എസ്ബിപി) അനുമതിയോടെ മാത്രമേ രാജ്യത്തിന് പുറത്തുള്ള സാമ്പത്തിക ഇടപാടുകൾ സാധ്യമാകു. മാത്രവുമല്ല എസ്ബിപി അംഗീകൃത കരാറുകളിൽ മാത്രമാണ് ഇത്തരത്തിൽ ഇടപാട് നടത്താറുള്ളത്. “

ഇലക്ടറൽ ബോണ്ട് രേഖകളിലുള്ളത് ഹബ് പവർ കമ്പനി എന്നാണ്. ഇത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട പാക് കമ്പനിയുടെ പേര് ഗി പവർ ഹബ് കമ്പനി ലിമിറ്റഡ് എന്നാണ് (ഹബ്കൊ). ഊർജോത്പാദന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്. എന്നാൽ ഇലക്ടറൽ ബോണ്ട് രേഖകളിലുള്ള ഹബ് പവർ കമ്പനി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഇഡി ബൾബ് നിർമാണ കമ്പനിയാണ്. ജിഎസ്‌ടി വെബ്സൈറ്റ് പ്രകാരം രവി മെഹ്റ എന്ന വ്യക്തിയാണ് കമ്പനിയുടമ.

Read Also വീട്ടിലിരിക്കുന്ന പഴയ സ്വർണം ഏപ്രിൽ 1 മുതൽ അസാധു ? HUID ഹോൾമാർക്കില്ലാത്ത സ്വർണം ഇനി വിൽക്കാൻ പറ്റില്ലേ ?

എസ്ബിഐ ഇലക്ഷൻ കമ്മീഷനും സമർപ്പിച്ച രേഖകൾ അപൂർണ്ണമാണ്. ഇലക്‌ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ പുറത്തുവിട്ടാൽ ബോണ്ട് നൽകിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും. സീരിയൽ നമ്പറടക്കമുള്ള പൂർണ്ണവിവരങ്ങൾ പുറത്തുവിടണമെന്ന് ഇന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 17ന് കേസ് വീണ്ടും പരിഗണിക്കും. ആ വിവരങ്ങൾകൂടി പുറത്തുവരുന്നതോടെ ഊഹാപോഹങ്ങൾക്ക് അവസാനമാകും.

Story Highlights: Pakistan Company dismissed claims of electoral bonds and issued a clarification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here