കെ.എം ഷാജിക്കെതിരെ ഗുരുതര ചട്ടലംഘനങ്ങള്‍ നിരത്തി കോഴിക്കോട് കോര്‍പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കി

കെ.എം ഷാജി എംഎല്‍എയ്‌ക്കെതിരെ ഗുരുതര ചട്ടലംഘനങ്ങള്‍ നിരത്തി കോഴിക്കോട് കോര്‍പറേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് നല്‍കി. വെള്ളിമാട് കുന്നിലെ വീട് ഏകദേശം ഒരു കോടി അറുപത് ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വീടിന്റെ മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എന്‍ഫോഴ്സ്മെന്റ് കെ.എം. ഷാജി എംഎല്‍എയുടെ ആസ്തിവകകള്‍ പരിശോധിച്ചത്. ഇതിന്റെ ഭാഗമായാണ് എംഎല്‍എയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളുടെ വിശദാംശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. ഇഡിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കോര്‍പറേഷന്‍ വെള്ളിമാട്കുന്നിലെ വീടിന്റെ നിര്‍മാണത്തില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയത്. 3,200 ചതുരശ്രയടിക്കാണ് കോര്‍പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, പരിശോധനയില്‍ വീടിന് 5,450 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് വ്യക്തമായി. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫര്‍ണിച്ചറുകള്‍, മാര്‍ബിളുകള്‍, ടൈലുകള്‍ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത നിര്‍മാണത്തിനുള്ള പിഴത്തുക അടച്ചു കോര്‍പറേഷന്‍ നടപടികള്‍ ഒഴിവാക്കാം. കണ്ണൂര്‍ ചാലാടുള്ള വീടിന്റെ റിപ്പോര്‍ട്ട് ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇന്ന് ഇഡിക്ക് കൈമാറിയിരുന്നു. ഭാര്യയുടെ പേരിലുള്ള വീടിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്തമാസം പത്തിനാണ് ചോദ്യം ചെയ്യലിനായി കെ.എം ഷാജി എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി കെ.എം ഷാജിയുടെ മുഴുവന്‍ സ്വത്ത് വകകളും, സാമ്പത്തികസ്രോതസും സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമം.
Story Highlights – KM Shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here