സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍. പ്രതികള്‍ക്കെതിരെ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. കുറ്റകൃത്യം തടയേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിവരം മറച്ചുവച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയില്‍ നിരവധി പേരുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അവയവ മാറ്റങ്ങളില്‍ പ്രധാനമായും നടന്നത് വൃക്കകളുടേതാണെന്നും കണ്ടെത്തലുണ്ട്.

അവയവ മാഫിയക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവന്നതെന്ന് അവയവ വ്യാപാരമാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തെ അവയവകച്ചവട മാഫിയയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അവയവ മാറ്റങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായ സമിതിക്ക് അന്വേഷണസംഘം കത്ത് നല്‍കി. അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.

സംസ്ഥാനത്ത് അവയക്കച്ചവട മാഫിയക്കെതിരെയുള്ള അന്വേഷണത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിവരശേഖരണം തുടങ്ങിയത്. ആദ്യ ഘട്ട പരിശോധനയുടെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള അതോറിറ്റിക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്ന ആറംഗ സമിതിയാണിത്. അവയവ മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചിരിക്കുന്ന ഈ സമിതിക്കാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്ന അവയവ മാറ്റങ്ങളുടെ വിവരങ്ങള്‍ കൈവശം വയ്ക്കാനുള്ള അധികാരം.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിവരങ്ങളാണ് ആദ്യം ശേഖരിക്കുന്നത്. ഇതോടൊപ്പം അവയവ ദാതാക്കളുടെയും
സ്വീകര്‍ത്താക്കളുടെയും പേര് വിവരങ്ങളും ശേഖരിക്കും. കേസില്‍ ഇടനിലക്കാരുടെയും ആശുപത്രികളുടെയും അനധികൃത ഇടപെടലുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സംശയം തോന്നുന്ന സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ കണക്കുകളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

Story Highlights crime branch FIR, organ mafia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top