വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി

ഹരിയാനയിലെ ബല്ലഭഗ്ഡിൽ പട്ടാപ്പകൽ 21 കാരിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും താനുമായുള്ള ബന്ധം അവസാനിപ്പിച്ചതുമാണ് കാരണമെന്ന് മുഖ്യപ്രതി തൗസീഫ് പൊലീസിനോട് പറഞ്ഞു.
മതം മാറണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും തൗസീഫ് നികിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഹരിയാനയിലെ മോവാത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. മുൻപും പെൺകുട്ടിയെ പ്രതി ശല്യം ചെയ്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടുകയും ഒത്തു തീർപ്പിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, തൗസീഫ് വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.
അതേസമയം, പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബന്ധുക്കളും ,നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഫരീദാബാദിലെ അഗർവാൾ കോളേജിലെ വിദ്യാർത്ഥിനി നികിത തോമറിനെ പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി കാറിലെത്തിയ രണ്ടു പേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഇതിനെ ചെറുത്തതോടെയാണ് സംഘം പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ലൗജിഹാദ് ആരോപണവുമായി കുടുംബം രംഗത്തെത്തി. കഴിഞ്ഞ മൂന്നുവർഷമായി തൗഫീഫ് പെൺകുട്ടിയെ മതം മാറാൻ നിർബന്ധിക്കുകയാണെനും, പെൺകുട്ടി ഇതിന് വിസമ്മതിച്ചതാണ് തട്ടി കൊണ്ടുപോകാനുള്ള ശ്രമമുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമാണ് ബല്ലഭ്ഗഡ് എസിപി ജയ്വീർ റാഠി പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം നാട്ടുകാരും ഫരീദാബാദ് – മഥുര ദേശീയപാത ഉപരോധിച്ചു.
Story Highlights – hariyana girl murder