കോലിയെ സാക്ഷി നിർത്തി സൂര്യകുമാറിന്റെ ഫിഫ്റ്റി; മുംബൈക്ക് 5 വിക്കറ്റ് ജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.
Read Also : ദേവ്ദത്തിനു ഫിഫ്റ്റി; മുംബൈയ്ക്ക് 165 റൺസ് വിജയലക്ഷ്യം
ഭേദപ്പെട്ട തുടക്കമാണ് മുംബൈ ഇന്ത്യൻസിനു ലഭിച്ചത്. ആദ്യ വിക്കറ്റിൽ ക്വിൻ്റൺ ഡികോക്ക്-ഇഷാൻ കിഷൻ സഖ്യം 37 റൺസ് കൂട്ടിച്ചേർത്തു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ആർസിബി ബൗളർമാർ സ്കോറിംഗ് നിരക്ക് നിയന്ത്രിച്ചുനിർത്തി. ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഡികോക്കിനെ (18) പുറത്തക്കി മുഹമ്മദ് സിറാജ് ആർസിബിയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. ഏറെ വൈകാതെ ഇഷാൻ കിഷനും (25) മടങ്ങി. കിഷനെ യുസ്‌വേന്ദ്ര ചഹാലിൻ്റെ പന്തിൽ ക്രിസ് മോറിസ് പിടികൂടി.
Read Also : ഐപിഎലിലെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും കോലിയുടേത്; ബുംറയ്ക്ക് അപൂർവ റെക്കോർഡ്
സൗരഭ് തിവാരി (5), കൃണാൽ പാണ്ഡ്യ 10) എന്നിവരും വേഗം മടങ്ങി. തിവാരിയെ സിറാജിൻ്റെ പന്തിൽ ദേവ്ദത്ത് ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ പാണ്ഡ്യ ചഹാലിൻ്റെ പന്തിൽ മോറിസ് പിടിച്ച് പുറത്തായി. ഇതിനിടെ 29 പന്തുകളിൽ സൂര്യകുമാർ യാദവ് ഫിഫ്റ്റി തികച്ചു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹർദ്ദിക് പാണ്ഡ്യ-സൂര്യകുമാർ യാദവ് സഖ്യം മുംബൈയെ വീണ്ടും ട്രാക്കിലെത്തിച്ചു. 51 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 19ആം ഓവറിൽ ഹർദ്ദിക്കിനെ (17) പുറത്താക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ, അപ്പോഴേക്കും മുംബൈ ജയം ഉറപ്പിച്ചിരുന്നു, മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിൽ എത്തിച്ച് സൂര്യകുമാർ മുംബൈയെ വിജയിപ്പിക്കുകയായിരുന്നു. സൂര്യകുമാർ (79), പൊള്ളാർഡ് (4) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – mumbai indians won against royal challengers bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here