Advertisement

കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ; എം ശിവശങ്കർ?

October 28, 2020
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിൽ കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് എം. ശിവശങ്കർ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിരിക്കെ കസ്റ്റഡിയിലെടുക്കുന്ന ഉദ്യോഗസ്ഥനും എം ശിവശങ്കർ തന്നെ.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തുമായുള്ള ബന്ധം സ്വാകാര്യമാണെന്ന വാദം തീർത്തും കണ്ഠിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് തയാറാക്കിയ റിപ്പോർട്ടിനെ ആധാരമാക്കി പറഞ്ഞ വാചകം വളരെ പ്രധാനപ്പെട്ടതായിരുന്നു. നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സൂചനകളനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഈ കള്ളപ്പണ ഇടപാടിൽ ഇടപെട്ടുവെന്ന് കരുതേണ്ടിവരും. കൂടുതൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാവേണ്ടതുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇത്തരം പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ നടത്താൻ പാടില്ലായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട് ആന്റിസിപ്പേറ്ററി ബെയിൽ ചോദിക്കുന്നത് അപക്വമാണെന്നും മുൻകൂർ ജാമ്യാപേക്ഷ തളളിക്കൊണ്ട് വിധിയിൽ ഹൈക്കോടതി പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്തെ രണ്ടാം റാങ്ക് ജേതാവ്. തുടർന്ന് പലക്കാട് എൻഎസ്എസ് എഞ്ചിനിയറിംഗ് കോളജിൽ ബിടെക്ക് ബിരുദം. ബിടെക്ക് കാലത്ത് കോളജ് യൂണിയൻ ചെയർമാൻ. തുടർന്ന് ഗുജറാത്തിലെ ഇർമയിൽ നിന്ന് റൂറൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. റിസർവ് ബാങ്കിൽ ഓഫീസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. പിന്നീട് ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സർവീസിലേക്ക് എത്തി. 1995 ൽ കൺഫേർഡ് ഐഎഎസ് യോഗ്യത നേടി. വ്യവസായ പുനരുദ്ധാരണ ബോർഡ് സെക്രട്ടറി പദവിയിലിരിക്കെയാണ് ഭരണ വൈദഗ്ധ്യം ചർച്ചയാവുന്നത്. പിന്നീട് ഐറ്റി മിഷൻ കോ-ഓർഡിനേറ്റർ, സിവിൽ സപ്ലൈസ് ഡയറക്ടർ, മലപ്പുറം കളക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നീ തസ്തികകളിൽ പ്രവർത്തന മികവു കാട്ടി. സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നപ്പോൾ സ്മാർട്ട് റേഷൻ കാർഡിന് തുടക്കം കുറിച്ചു. മല്പപുറം കളക്ടറായിരിക്കെ ജില്ലയിൽ കമ്പ്യൂട്ടർ സാക്ഷരത നടപ്പിലാക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടറായിരിക്കെ താറാക്കിയ പദ്ധതി 5000 ത്തോളം എയ്ഡഡ് അധ്യാപകർക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ കാരണമായി. ലാൻഡ് ,റവന്യൂ, പൊതു വിദ്യാഭ്യാസം, സാമൂഹിക നീതി, ഊർജം തുടങ്ങി നിരവധി വകുപ്പുകളുടെ സെക്രട്ടറിയായി. അങ്ങനെയിരിക്കെ കെഎസ്ഇബി ചെയർമാൻ പദവിയിൽ നിന്നാണ് 2016 മെയ്യിൽ മുഖ്യമന്ത്രി പിണറായി വിജയൻ എം ശിവശങ്കരനെ സെക്രട്ടറിയായി കൂടെ കൂട്ടുന്നത്. രാഷ്ട്രീയ നിയമനം ഒഴിവാക്കി ശിവശങ്കരനെ സെക്രട്ടറിയായി നിയമിക്കാൻ പിണറായിയെ പ്രേരിപ്പിച്ചത് മികച്ച ഉദ്യോഗസ്ഥൻ എന്ന ഖ്യാതിയായിരുന്നു. പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലയും ശിവശങ്കരന് നൽകിയത് മുഖ്യമന്ത്രിയ്ക്ക് ശിവശങ്കരനിലുള്ള വിശ്വാസത്തിനും പാർട്ടിയുടെ വിശ്വാസത്തിനും തെളിവായി. ലൈഫ് മിഷൻ, ഐറ്റി വകുപ്പ് എന്നിവയുടെ ചുമതലയും ശിവശങ്കരനായിരുന്നു.

അധികാരത്തിന്റെ പരസ്യ പ്രദർശനങ്ങളിൽ അഭിരമിക്കാതെ പിണറായിക്ക് പിന്നിൽ നിശബ്ദമായും നിഴലായും എം. ശിവശങ്കരനുണ്ടായിരുന്നു. ഉദ്യോഗസ്ഥ മേധാവിത്വം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജൻ എത്തുന്നത്. അതോടെ ശിവശങ്കരന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി മാത്രമായി.

എന്നാൽ, അധികം വൈകാതെ പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായയിൽ നിന്ന് വിവാദ നായകനിലേക്ക് ശിവശങ്കർ കൂപ്പു കുത്തിയത് പെട്ടെന്നായിരുന്നു.

ആദ്യം റിബിൽഡ് കേരള, കൺസൾട്ടന്റായി കെപിഎംജെയെ കൊണ്ടു വരാനുള്ള നീക്കം പാളി. കൊവിഡ് കാലത്ത് സ്പ്രംക്‌ളർ കരാറിൽ തൊട്ട് ശിലശങ്കർ വീണ്ടും പുലിവാല് പിടിച്ചു. പിന്നീട് വെബ്ക്യു, ഇ- മൊബിലിറ്റി, എന്നിങ്ങനെ തുടർച്ചയായ ആരോപണങ്ങൾ. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് എന്നിവയ്ക്ക് വഴിവിട്ട് സഹായം നൽകിയതും ശിവശങ്കർ ആണെന്ന് ആരോപണമുയർന്നു. എന്നാൽ, ശിവശങ്കറിനെതിരെ പ്രതിപക്ഷം കൊടുങ്കാറ്റായി ആഞ്ഞടിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം ശിവശങ്കറിന്റെ കസേര തെറിപ്പിച്ചു. സ്വപ്നയെ ഐറ്റി വകുപ്പിന് കീഴിൽ കരാർ ജീവനക്കാരിയായി നിയമിച്ചതിന് ഒപ്പം ഐറ്റി വകുപ്പിൽ നടത്തിയ മറ്റ് നിയമനങ്ങളും ആരോപണ വിധേയമായി. ലൈഫ് വിവാദം പ്രതിസന്ധിയേറ്റി. അന്വേഷണ ഏജൻസിയുടെ ചോദ്യത്തിന് മുന്നിലെത്തിയവരെല്ലാം ശിവശങ്കറിനെ പ്രതിക്കൂട്ടിലേക്ക് ചേർത്ത് നിർത്തി. ഇതോടെ മുഖ്യമന്ത്രി അടക്കം ശിവശങ്കറിനെ കൈവിട്ടു. മികച്ച ഉദ്യോഗസ്ഥനിൽ നിന്ന് വിവാദ നായകനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പടിയിറങ്ങി. സർക്കാർ സംവിധാനങ്ങളുടെ സ്വാധീനത്തിലേക്ക് സ്വർണക്കടത്ത് കേസ് പ്രതികൾ നുഴഞ്ഞെത്തിയത് ശിവശങ്കരൻ തുറന്ന വാതിലൂടെയാണെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിക്കുന്നു.

ഒടുവിൽ ശിവശങ്കരൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് തെളിച്ചു കൊടുത്ത വഴിയ്ക്ക് പിന്നാലെ സർക്കാർ പ്രതിരോധത്തിലായാലും കേരള രാഷ്ട്രീയത്തിന്റെ വളവ് തിരിവുകളിൽ എം ശിവശങ്കർ എന്ന പേര് കൂടി ചേർക്കപ്പെടും.

ശിവശങ്കരന് മുൻപേ ആരെല്ലാം…

അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാകുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ ടിഒ സൂരജാണ്. എന്നാൽ, സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമായിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിലായിരുന്നു അറസ്റ്റ്.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതി പട്ടിയിൽ പേര് ചേർക്കപ്പെട്ടവരിൽ ഒരാളായിരുന്നു മുൻ ഡിജിപി ജേക്കബ് തോമസ്. കേസിനെ തുടർന്ന് ദീർഘനാൾ സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസ് പിന്നീട് വിരമിച്ചു.

തിരുനെല്ലി കാട്ടിൽ വർഗീസിനെ വെടിവച്ചു കൊന്നുവെന്ന കേസിലാണ് മുൻ ഐജി ലക്ഷ്മണ ജയിലിലായത്. എന്നാൽ പ്രിതിയുടെ അനാരേഗ്യം കണക്കിലെടുത്ത് ജയിൽ മോചിതനാവുകയായിരുന്നു.

ഇ. കെ നായനാർ സർക്കാറിന്റെ കാലത്തായിരുന്നു കാലടി സർവകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായരെ 1997 ജനുവരി 10നു സർക്കാർ സസ്‌പെൻഡ് ചെയ്തത്. ചാരക്കേസിനെ തുടർന്നാണ് ഐജി രമൺ ശ്രീ വാസ്തവ സസ്‌പെൻഷനിലാവുന്നത്.

Story Highlights the first IAS officer taen by central government agencies M Sivasankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement