കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

വയനാട് പടിഞ്ഞാറത്തറയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. കാട്ടില്‍വെച്ച് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ വേണമെന്ന് പൊലീസ്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു വെടിവയ്പ്. മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.

Read Also : പീഡന ശ്രമം മറയ്ക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി ദമ്പതികൾ; മൃതദേഹം അഴുകിയ നിലയിൽ കട്ടിലിലെ അറയിൽ

മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിന്റെ തെരച്ചില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാണാസുര മലയിലും ജില്ലയിലെ മറ്റിടങ്ങളിലും നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് രാവിലെ മാവോയിസ്റ്റ് സംഘം തണ്ടര്‍ബോള്‍ട്ടിന് മുന്നില്‍പ്പെട്ടത്.

മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ആക്രമണം നടത്താന്‍ മാവോയിസ്റ്റ് സംഘം തുനിഞ്ഞെന്നാണ് പൊലീസ് ഭാഷ്യം. ഇതേതുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തു. ഒരാള്‍ കൊല്ലപ്പെടുകയും മറ്റുളളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ഏകപക്ഷീയമായ ഏറ്റുമുട്ടലാണ് നടന്നതെന്നാരോപിച്ച് പോരാട്ടം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തി. ഇതിനിടെ എട്ട് മണിക്കൂറോളം കാട്ടിലേക്ക് പ്രവേശനം നിഷേധിച്ചതില്‍ മാധ്യമങ്ങള്‍ പൊലീസിനെ പ്രതിഷേധം അറിയിച്ചു. ഓടിരക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വനത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Story Highlights maoist killed, wayanad, encounter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top