മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മാധ്യമങ്ങളെ തടഞ്ഞത് സുരക്ഷ കണക്കിലെടുത്തെന്ന് വയനാട് എസ്പി

വയനാട് മീന്‍മുട്ടി വാളാരംകുന്ന് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് മാധ്യമങ്ങളെ കടത്തിവിടാത്തതില്‍ വിശദീകരണവുമായി വയനാട് എസ്പി ജി പൂങ്കുഴലി. ആറ് പേരെ കണ്ടതായാണ് തണ്ടര്‍ബോള്‍ട്ട് സംഘം പറഞ്ഞത്. ആരൊക്കെയാണെന്ന് വ്യക്തമല്ല. ഏത് സമയത്തും അവര്‍ തിരിച്ചുവരാന്‍ സാധ്യതയുള്ളതിനാലാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെയും ജിവന് ഭീഷണിയുള്ളതിനാലാണ് തടഞ്ഞത്. കാലാവസ്ഥയും മോശമായിരുന്നുവെന്ന് എസ്പി അറിയിച്ചു.

അതേസമയം, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. വേല്‍മുരുകന്‍ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശിയാണ്. 32 വയസായിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ചിത്രം പുറത്തുവിട്ടത്. മധുര കോടതിയില്‍ അഭിഭാഷകനാണ് ഇദ്ദേഹത്തിന്റെ സഹോദരനെന്നും ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആര്‍ പുറത്തുവന്നു. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നു. മരിച്ചയാളുടെ പക്കലുണ്ടായിരുന്നത് .303 റൈഫിളാണെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു.

Story Highlights Maoist encounter wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top