അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ല: മുഖ്യമന്ത്രി

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങള്‍ ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതല്ലാതെ അതിനപ്പുറം അതില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ കാണുന്നില്ല. അന്വേഷണ ഏജന്‍സിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ടാകും. അതിനാലാകും വിളിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വളരെക്കാലമായി പരിചയമുള്ളയാളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോഴേയ്ക്കും കുറ്റം ചാര്‍ത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന് ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
Story Highlights – cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here