ഇഞ്ചോടിഞ്ച്; വില്ല്യംസണിന്റെ ഫിഫ്റ്റി മികവിൽ ഹൈദരാബാദിന് ആവേശ ജയം

ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. 132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 50 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ഹൈദരാബാദിനെ ജയത്തിലേക്ക് നയിച്ചത്. മനീഷ് പാണ്ഡെ (24), ജേസൻ ഹോൾഡർ (24) എന്നിവരും ഹൈദരാബാദ് സ്കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെതിരായ രണ്ടാം ക്വാളിഫയറിൽ കളിക്കാൻ യോഗ്യത നേടി. ബാംഗ്ലൂർ പുറത്തായി.
Read Also : ബാറ്റിംഗ് തകർച്ച; ഡിവില്ല്യേഴ്സിന് ഫൈറ്റിംഗ് ഫിഫ്റ്റി; സൺറൈസേഴ്സിന് 132 റൺസ് വിജയലക്ഷ്യം
ബാംഗ്ലൂരിനെപ്പോലെ ഹൈദരാബാദിനും മോശം തുടക്കമാണ് ലഭിച്ചത്. വൃദ്ധിമാൻ സാഹയ്ക്ക് പകരമെത്തിയ ശ്രീവത്സ ഗോസ്വാമി (0) ആദ്യ ഓവറിൽ തന്നെ പുറത്തായി. ഗോസ്വാമിയെ സിറാജ് ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ മനീഷ് പാണ്ഡെ ആക്രമണ മോഡിലായിരുന്നു. വാർണറും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ കുതിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ വീണ്ടും സിറാജ് ബാംഗ്ലൂരിനു ബ്രേക്ക്‌ത്രൂ നൽകി. ഡേവിഡ് വാർണർ (17) എബി ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ അവസാനിച്ചതോടെ ആർസിബി മത്സരത്തിലേക്ക് തിരികെ എത്തി. പാണ്ഡെയുമായി 41 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് വാർണർ മടങ്ങിയത്.
നാലാം നമ്പറിൽ വില്ല്യംസൺ എത്തി. മധ്യ ഓവറുകളിൽ മനോഹരമായി പന്തെറിഞ്ഞ ആദം സാമ്പയും യുസ്‌വേന്ദ്ര ചഹാലും ചേർന്ന് ഹൈദരാബാദിനെ പിടിച്ചു നിർത്തി. 9ആം ഓവറിൽ പാണ്ഡെ പുറത്തായി. 24 റൺസെടുത്ത പാണ്ഡെയെ സാമ്പയുടെ പന്തിൽ ഡിവില്ല്യേഴ്സ് പിടികൂടുകയായിരുന്നു. പ്രിയം ഗാർഗ് (7) വേഗം പുറത്തായി. ഗാർഗിനെ ചഹാൽ സാമ്പയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
Read Also : ഐപിഎൽ എലിമിനേറ്റർ: ബാംഗ്ലൂരിനു ബാറ്റിംഗ്; ഹൈദരാബാദിൽ സാഹ പുറത്ത്
അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന വില്ല്യംസൺ-ഹോൾഡർ സഖ്യം മികച്ച കൂട്ടുകെട്ടുയർത്തി. ഇടക്കിടെയുള്ള ബൗണ്ടറി ഷോട്ടുകളിലൂടെ റൺ റേറ്റ് നിയന്ത്രണത്തിൽ നിർത്തിയ സഖ്യം വളരെ മനോഹരമായാണ് ചേസ് മുന്നോട്ടു കൊണ്ടുപോയത്. 44 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് നേടിയ 65 റൺസിൻ്റെ അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. വില്ല്യംസൺ (50), ഹോൾഡർ (24) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – sunrisers hyderabad won against royal challengers bangalore in ipl eliminator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here