ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (06-11-2020)

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലണമെന്ന സമീപനം ശരിയല്ല; സർക്കാർ തിരുത്തണം’: സിപിഐ
സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയിൽ നിലപാട് വ്യക്തമാക്കി സിപിഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ബിലീവേഴ്‌സ് ചർച് റെയ്ഡ്: ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടിയോളം രൂപ
ബിലീവേഴ്‌സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം. 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ
കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു.
Story Highlights – todays headlines, news roundup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here