Advertisement

ഉപതെരഞ്ഞെടുപ്പ്; കര്‍ണാടകയിലും തെലങ്കാനയിലും അട്ടിമറി വിജയം നേടി ബിജെപി

November 10, 2020
Google News 1 minute Read

ഉപതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും തെലങ്കാനയിലും അട്ടിമറി വിജയം നേടി തിളങ്ങി ബിജെപി. ടിആര്‍എസിന്റെ ശക്തി കേന്ദ്രത്തിലാണ് തെലങ്കാനയില്‍ ബിജെപി അട്ടിമറി വിജയം നേടിയത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം.

ബിഹാറിനും മധ്യപ്രദേശിനും പുറമേ കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ അട്ടിമറി വിജയം ബിജെപിക്ക് ഇരട്ടിമധുരമായി. തെലങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ ദുബാക്ക മണ്ഡലത്തില്‍ ആയിരത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപിയുടെ എം. രഘൂനന്ദന്‍ റാവു വിജയിച്ചത്. ടിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും വലിയ തിരിച്ചടി നല്‍കുന്നതാണ് ബിജെപിയുടെ വിജയം. കോണ്‍ഗ്രസ് ജെഡിഎസ് ശക്തി കേന്ദ്രമായകര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍, സിറ എന്നീ മണ്ഡലങ്ങളിലും ബിജെപി അട്ടിമറി വിജയം നേടി.

ആര്‍ ആര്‍ നഗര്‍ മണ്ഡലം 67,000 തിലധികം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയുടെ മുനിരത്‌ന മണ്ഡലം പിടിച്ചത്. ജെഡിഎസ് കോട്ടയായ സിറയില്‍ 13,000 ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം ബിജെപിയുടെ രാജേഷ് ഗൗഡ നേടി. എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ എല്ലാം ബിജെപിയുടെ കൈകളിലായി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ അഞ്ചു പേര്‍ ജനവിധി തേടി വിജയിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളിലേക്ക്നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറിടത്ത് ബിജെപിയും ഒരിടത്ത് സമാജ്വാദി പാര്‍ട്ടിയും വിജയിച്ചു.ജാര്‍ഖണ്ഡില്‍ ഒരിടത്ത് ജെഎംഎമ്മും മറ്റൊരിടത്ത് കോണ്‍ഗ്രസും വിജയം നേടി.

നാഗാലാന്‍ഡില്‍ രണ്ട്സീറ്റുകളിലും സ്വതന്ത്രര്‍ വിജയം കൈവരിച്ചു. ഛത്തീസ്ഗഢിലും ഹരിയാനയിലും കോണ്‍ഗ്രസ് മുന്നിലായി. ഒഡീഷയില്‍ ബിജെപിയെ പിന്നിലാക്കി ബിജു ജനതാദള്‍ മുന്നേറി.

Story Highlights By-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here