ഐപിഎൽ 13ആം സീസൺ: ​അതിശയിപ്പിച്ചവർ ഇവർ

Best performers ipl 2020

ഐപിഎൽ 13ആം സീസണ് കൊടിയിറങ്ങി. മുംബൈ ഇന്ത്യൻസ് ജേതാക്കളായി. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച് 2 മാസത്തോളം ദൈർഘ്യമുള്ള ഒരു വലിയ ടൂർണമെൻ്റ് സംഘടിപ്പിച്ച ബിസിസിഐക്ക് ഒരു കയ്യടി. മറ്റ് വർഷങ്ങളിൽ എന്നതു പോലെ ഈ സീസണിലും ചില മികച്ച പ്രകടനങ്ങൾ കണ്ടു. ഒരു തരത്തിലും മറന്നു കളയാൻ കഴിയാത്ത ചില പ്രകടനങ്ങൾ. സീസണിലുടനീളം മികച്ച ഫോം തുടർന്ന ചില താരങ്ങളും ഉണ്ടായി. അങ്ങനെ ചില താരങ്ങളെയാണ് ഇവിടെ ഓർമ്മിക്കാൻ ശ്രമിക്കുന്നത്.

ജോഫ്ര ആർച്ചർ: രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സീരീസിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാൻ്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ആയിരുന്നു. 14 മത്സരങ്ങൾ മാത്രം കളിച്ചാണ് ജോഫ്ര സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരമായത്. 6.56 ശരാശരിയിൽ 20 വിക്കറ്റുകൾ എന്നത് സംഖ്യകൾ മാത്രമായി അവശേഷിക്കുമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും രാജസ്ഥാൻ മത്സരഗതിയിൽ ആർച്ചറുടെ നാല് ഓവർ സ്പെല്ലുകൾ പലപ്പോഴും നിർണായകമായി. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ബാറ്റ്സ്മാന്മരെ വിറപ്പിച്ചു നിർത്തിയ ആർച്ചർ ബാറ്റ് കൊണ്ടും ടീമിന് ചില മികച്ച സംഭാവനകൾ നൽകി.

ദേവ്ദത്ത് പടിക്കൽ: പരമ്പരയിലെ എമർജിങ് പ്ലയർ. പ്ലേ ഓഫിൽ പുറത്തായ ആർസിബിയുടെ ലോകോത്തര ബാറ്റിംഗ് നിരയിൽ ഏറ്റവും സ്ഥിരത കാണിച്ചത് ഈ 20കാരനായിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 473 റൺസാണ് ദേവ്ദത്ത് സ്കോർ ചെയ്തത്. അതിൽ അഞ്ച് ഫിഫ്റ്റികൾ. 125 എന്ന സ്ട്രൈക്ക് റേറ്റ് ദേവ്ദത്തിനെ വിമർശിക്കാൻ പലരും ഉപയോഗിച്ചു എങ്കിലും വിരാടും എബിയും ഫിഞ്ചുമൊക്കെ അടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് ദേവ്ദത്തിനു ചുറ്റും ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നത് ആ ടീമിൻ്റെ പോരായ്മയാണ്. ഫിറ്റ്നസിലെ ചില പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ ദേവ്ദത്ത് മികച്ചു നിന്നു.

ട്രെൻ്റ് ബോൾട്ട്: ഒരു ശരാശരി ടി-20 ബൗളർ മാത്രമായ ട്രെൻ്റ് ബോൾട്ട് സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റ്. പവർപ്ലേയിൽ ബോൾട്ട് എറിയുന്ന 2-3 ഓവറുകളിലാണ് പല ടീമുകളും വീണു പോയത്. തുടക്കത്തിൽ പിച്ചിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം മുതലാക്കി ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ ബോൾട്ട് മുംബൈ ഇന്ത്യൻസിലെ മലിംഗയുടെ അഭാവം മായ്ച്ചു കളഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ന്യൂബോൾ ബൗളർക്ക് ആ റോൾ തന്നെ നൽകിയ മുംബൈ ഇന്ത്യൻസ് നായകനും മാനേജ്മെൻ്റിനും കൂടിയാണ് ഇവിടെ മാർക്ക് നൽകേണ്ടത്.

Read Also : മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം; പഴയ ക്ലീഷേ കഥ തന്നെ: ഇന്നത്തെ (അവസാനത്തെ) ഐപിഎൽ കാഴ്ചകൾ

ഇഷാൻ കിഷൻ: ഇഷാൻ കിഷൻ ഒരു റെവലേഷനാണ്. എങ്ങനെയാണ് ലിമിറ്റഡ് സ്ട്രോക്ക്മേക്കറിൽ നിന്ന് ഒരു ചാമ്പ്യൻ താരമായി മാറേണ്ടത് എന്നതിനുള്ള കൈപ്പുസ്തകം. കിഷൻ കളിച്ചത് വെറും 14 മത്സരങ്ങളാണ്. 516 റൺസുമായി ഓറഞ്ച് ക്യാപ്പ് റേസിൽ അഞ്ചാമത്. ശരാശരി 57.33. പട്ടികയിലെ ആദ്യ പതിനഞ്ചിൽ, 10 മത്സരങ്ങൾ എങ്കിലും കളിച്ചവരിൽ ഏറ്റവും കൂടിയ ശരാശരി. നാലാം നമ്പറിലും ഓപ്പണിംഗിലും ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് ബാറ്റ് ചെയ്തു. ഋഷഭ് പന്തിനെപ്പോലെ ഒരു ലെഗ് സൈഡ് സ്ലോഗർ മാത്രമായിരുന്ന കിഷൻ പക്വത കൈവരിച്ച് ബാറ്റ് ചെയ്യുന്നത് കാണാൻ ചന്തമുള്ള കാഴ്ചയായിരുന്നു. ഓഫ് സൈഡിലെ ലിമിറ്റഡ് സ്ട്രോക്ക് ഏരിയ ഈ സീസണിൽ കാണാൻ കഴിഞ്ഞില്ല. ടൂർണമെൻ്റിനു മുൻപ് തന്നെ ഓഫ് സൈഡ് ഗെയിമിൽ വർക്ക് ചെയ്തു എന്നും പാണ്ഡ്യ സഹോദരങ്ങൾ അതിനു സഹായിച്ചു എന്നും കിഷൻ തന്നെ പറയുമ്പോൾ മുംബൈ ഇന്ത്യൻസ് എന്ന ടീമിൻ്റെ ക്യാരക്ടർ കൂടിയാണ് വെളിവാകുന്നത്.

ഋതുരാജ് ഗെയ്ക്‌വാദ്: ചെന്നൈ സൂപ്പർ കിംഗ്സിന് ഈ സീസണിൽ സന്തോഷിക്കാനുള്ള ഒരേയൊരു കാരണം. 6 മത്സരങ്ങൾ മാത്രം കളിച്ചതിന് കൊറോണയെയും മാനേജ്മെൻ്റിനെയും പഴിക്കാം. ടോപ്പ് ഓർഡർ താരമായിരുന്ന ഗെയ്ക്‌വാദിനെ മധ്യനിരയിൽ ഇറക്കി പരാജയപ്പെട്ടതിനു പിന്നാലെ ഓപ്പണിംഗിനിറക്കുകയും അതിന് തുടർച്ചയായ ഫിഫ്റ്റികൾ കൊണ്ട് മറുപടി നൽകുകയും ചെയ്യുന്നു. പേസും സ്പിന്നും നന്നായി കളിക്കും. ക്ലീൻ സ്ട്രൈക്കിംഗ്. നല്ല ടൈമിങ്. എലഗൻസ്. ഒരു നല്ല ബാറ്റ്സ്മാനു വേണ്ട എല്ലാ ഗുണഗണങ്ങളും ഗെയ്ക്‌വാദിനുണ്ട്.

രവി ബിഷ്ണോയ്: അണ്ടർ-19 ലോകകപ്പിലെ ടോപ്പ് വിക്കറ്റ് ടേക്കർ എന്ന ടാഗുമായി രവി ബിഷ്ണോയ് ഐപിഎലിലെത്തുന്നു. 12 വിക്കറ്റുകളുമായി സീസൺ അവസാനിപ്പിക്കുന്നു. ഒരു പെർഗക്ട് ലെഗ് ബ്രേക്ക് ബൗളർ. പേസ് വേരിയേഷനുകൾ കൂടി ഉള്ളതിനാൽ കൂടുതൽ അപകടകാരി. 7.37 എന്ന ഡീസൻ്റ് എക്കോണമിയും കൂടി പരിഗണിക്കുമ്പോൾ ബിഷ്ണോയ് ഈ സീസണിലെ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്.

വരുൺ ചക്രവർത്തി: മിസ്റ്റരി സ്പിന്നർ എന്ന ടാഗ് ലൈനോട് പൂർണമായും നീതി പുലർത്തിയ പ്രതിഭ. കിംഗ്സ് ഇലവൻ പഞ്ചാബിലെ ഒരു മീഡിയോക്കർ സീസണു ശേഷം കൊൽക്കത്ത വരുണിനെ കളത്തിലിറക്കുമ്പോൾ 13 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ നേടിയാണ് അയാൾ അതിനു മറുപടി നൽകുന്നത്. ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടെങ്കിലും പരുക്ക് വില്ലനായി.

തങ്കരുസു നടരാജൻ: ടെന്നിസ് ബോൾ ക്രിക്കറ്റിൽ നിന്ന് തമിഴ്നാട് പ്രീമിയർ ലീഗിലേക്ക്. അവിടെ നിന്ന് ഐപിഎല്ലിലേക്ക്. യോർക്കർ സ്പെഷ്യലിസ്റ്റ് എന്ന വിശേഷണം അന്വർത്ഥമാക്കുന്ന ഡെത്ത് ഓവറുകൾ. ദിവസവേതനത്തിനു പണിയെടുക്കുന്ന നടരാജനിൽ നിന്ന് ഐപിഎൽ ഡെത്ത് ഓവറിൽ പന്തെറിയുന്ന, കോടിപതിയായ നടരാജനിലേക്ക്. ജീവിതത്തെക്കാൾ വലിയ ഡ്രാമയില്ല. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവനിലെ മോശം സീസണൊടുവിൽ അയാൾ ഹൈദരാബാദിലേക്കെത്തുകയാണ്. തുടർച്ചയായ യോർക്കറുകളുമായി നടരാജൻ ഇന്ത്യൻ കുപ്പായത്തിൽ എത്തി നിൽക്കുന്നു. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായതു കൊണ്ട് തന്നെ 8.2 എന്ന എക്കോണമി നോക്കിയാൽ നടരാജൻ്റെ ഇംപാക്ട് കൃത്യമായി മനസ്സിലാവണമെന്നില്ല.

Read Also : സഞ്ജു ഏകദിന ടീമിൽ, രോഹിത് ടെസ്റ്റ് ടീമിൽ, കോലി ഒരു മത്സരത്തിൽ മാത്രം; ഓസീസ് പര്യടനത്തിനുള്ള ടീമിൽ മാറ്റങ്ങൾ

സഞ്ജു സാംസൺ: സഞ്ജുവിൻ്റെ ഐപിഎൽ ക്യാമ്പയിനെ മൂന്ന് ഭാഗങ്ങളാക്കി തിരിക്കാം. ആദ്യത്തെ രണ്ട് മാച്ച്, പിന്നെയുള്ള ഒരുപിടി മത്സരങ്ങൾ, അവസാനത്തെ ചില മത്സരങ്ങൾ. ഷാർജയിലെ ബാറ്റിംഗ് കണ്ടീഷൻ മുതലാക്കി നേടിയ ആദ്യ രണ്ട് മത്സരങ്ങളിലെ ഫിഫ്റ്റികൾ സഞ്ജുവിനെ ഒരു അത്ഭുതലോകത്തെത്തിച്ചു. ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളിൽ അതേ ബാറ്റിംഗ് ശൈലി തുടരാൻ ശ്രമിച്ച് പരാജയപ്പെടുകയും പിന്നീട് ഫോം നഷ്ടപ്പെടുകയും ചെയ്യുന്നത് കണ്ടു. അവസാനം, പിച്ചിനനുസരിച്ച് കളിക്കാൻ ശ്രമിച്ച് അതിൽ വിജയിക്കുന്ന സഞ്ജുവിനെ കണ്ടു. അവസാനത്തെ സഞ്ജു വേർഷൻ ആണ് ഈ സീസണിലെ മനോഹര കാഴ്ച.

രാഹുൽ തെവാട്ടിയ: രാജസ്ഥാൻ്റെ കറുത്ത കുതിര. 14 മത്സരങ്ങളിൽ നിന്ന് 7.09 എക്കോണമിയിൽ 14 വിക്കറ്റുകളും 42.50 ശരാശരിയിൽ 255 റൺസും. അവിശ്വസനീയമായ ചില ക്വിക്ക് ഇന്നിംഗ്സുകൾ. ഇന്നിംഗ്സ് മധ്യത്തിലെ ടൈറ്റ് ഓവറുകൾ. തെവാട്ടിയ ഒരു പെർഫക്ട് ടി-20 പാക്കേജാണ്. അടുത്ത വർഷം മെഗാ ലേലത്തിൽ വൻ വില കിട്ടാൻ പോകുന്ന താരം.

ലോകേഷ് രാഹുൽ, സൂര്യകുമാർ യാദവ്, സാം കറൻ, ശിഖർ ധവാൻ, ക്രിസ് ഗെയിൽ, വൃദ്ധിമാൻ സാഹ, കെയിൻ വില്ല്യംസൺ, മാർക്കസ് സ്റ്റോയിനിസ്, അബ്ദുൽ സമദ്, ഹർദ്ദിക് പാണ്ഡ്യ, ജേസൻ ഹോൾഡർ, റാഷിദ് ഖാൻ, ആൻറിച് നോർക്കിയ തുടങ്ങി പട്ടിക നീളുകയാണ്.

Story Highlights Best performers in ipl 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top