ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി. കമറുദ്ദീന്‍ എംഎല്‍എ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സര്‍ക്കാര്‍

MC Kamaruddin MLA Chief conspirator; Government

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സര്‍ക്കാര്‍. തട്ടിപ്പിനായി തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീന്‍ ഉപയോഗിച്ചു. പോപ്പുലര്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പെന്നും സ്വന്തം ലാഭത്തിനായി കമറുദ്ദീന്‍ അടക്കമുള്ളവര്‍ പണം തിരിമറി നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ രേഖകളില്‍ മാത്രമാണ് ചെയര്‍മാന്‍ സ്ഥാനമുള്ളതെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും കമറുദ്ദീനും പ്രതിരോധിച്ചു. ഹര്‍ജിയില്‍ നാളെ വിധി പറയും.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപം സ്വീകരിച്ചത് നിയമ വിരുദ്ധമായാണ്. ഇങ്ങനെ നിക്ഷേപം സമാഹരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അനുമതി ഇല്ല. തെറ്റായ വിവരങ്ങളാണ് കമ്പനി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയത്. കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഓഹരി പത്രം നല്‍കിയിട്ടില്ല. കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെ കുറിച്ച് അന്വേഷണം വേണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ജ്വല്ലറിയുടെ മറ്റ് ഡയറക്ടര്‍മാരെ പ്രതി ചേര്‍ക്കും. കമറുദ്ദീനും പൂക്കോയ തങ്ങളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കമറുദ്ദീനെതിരെ വഞ്ചനാ കുറ്റം നിലനില്‍ക്കും. സ്വന്തം ലാഭത്തിനായി ഇദ്ദേഹം പണം തിരിമറി നടത്തിയെന്നും അന്വേഷണ സംഘത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ താന്‍ ഓണററി ചെയര്‍മാന്‍ മാത്രമാണെന്നും കമ്പനിയെ പ്രതി ചേര്‍ക്കാതെ തന്നെ മാത്രം പ്രതി ചേര്‍ത്തത് തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. ഓഹരി ഉടമകള്‍ക്ക് പരാതിയുണ്ടെങ്കില്‍ കമ്പനി ലോ ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടത്. അല്ലാതെ പൊലീസിനെയല്ല. 2019 സെപ്തംബര്‍ വരെ കൃത്യമായി ഡിവിഡന്റ് നല്‍കിയതാണ്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും കമ്പനിയിലേക്ക് പണം തിരികെ ലഭിക്കേണ്ടതുണ്ടെന്നും കമറുദ്ദീന്‍ പറഞ്ഞു. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി നാളത്തേക്ക് മാറ്റി.

Story Highlights Fashion gold scam; MC Kamaruddin MLA Chief conspirator; Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top