സിപിഐഎംഎല്‍ (എല്‍) മാവോയിസ്റ്റുകളാണോ ? [24 Explainer]
![Are the CPIML Maoists? [24 Explainer]](https://www.twentyfournews.com/wp-content/uploads/2020/11/Untitled-2020-11-12T113136.896.jpg?x14415)
2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനുശേഷം 2020ല്‍ മികച്ച പ്രകടനമാണ് ഇടതു പാര്‍ട്ടികള്‍ കാഴ്ച വച്ചത്. 16 നിയമസഭാ സീറ്റുകളിലാണ് ഇടതുകക്ഷികള്‍ വിജയം നേടിയത്. സിപിഐഎംഎല്‍ (എല്‍) 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഐഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാര്‍ ഫലം നല്‍കുന്നതും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നിരവധി പേര്‍ അന്വേഷിച്ച പേരാണ് സിപിഐഎംഎല്‍ (എല്‍). കേരളത്തില്‍ പൊലീസുമായി ഏറ്റുമുട്ടുന്ന മാവോയിസ്റ്റ് വിഭാഗമാണ് സിപിഐഎംഎല്‍ എന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണമായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ വര്‍ഷങ്ങളായി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ അംഗീകരിച്ച് മുന്നോട്ട് പോവുന്ന രാഷ്ട്രീയ നിലപാടാണ് സിപിഐഎംഎല്‍ ലിബറേഷനുള്ളത് ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കിസ്റ്റ് ലെനിനിസ്റ്റ്, ലിബറേഷന്‍ ). അതായത് സിപിഐ, സിപിഐഎം പോലെ തന്നെ ജനാധിപത്യ വ്യവസ്ഥയില്‍ ഇടപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐഎംഎല്‍ ലിബറേഷന്‍.
1967-ല്‍ സിപിഐഎമ്മില്‍ നിന്ന് വിഭജിച്ച് രൂപം കൊണ്ട പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്. ചാരു മജുംദാറിന്റെ നേതൃത്വത്തിലാണ് സിപിഐഎംഎല്‍ ലിബറേഷന്‍ രൂപികരിച്ചത്. ചാരു മജുംദാറിന്റെ മരണത്തിന് ശേഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു. 1974 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (ലിബറേഷന്‍) രൂപം കൊണ്ടു. രാജ്യത്ത് 23 സിപിഐഎംഎല്‍ പാര്‍ട്ടികളാണ് നിലവിലുള്ളത്. ഇതില്‍ ലിബറേഷനാണ് വോട്ടുവിഹിതവും പാര്‍ലമെന്ററി പങ്കാളിത്വവും കൂടുതല്‍. 1980 കളുടെ അവസാനം മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ പീപ്പിള്‍സ് ഫ്രണ്ട് എന്ന പേരില്‍ ലിബറേഷന്‍ മത്സരിച്ചിട്ടുണ്ട്. 1989-ല്‍ ഐപിഎഫിന്റെ രാമേശ്വര്‍ പ്രസാദ് അറ ഭോജ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ദീപാങ്കര്‍ ഭട്ടാചാര്യയാണ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി. ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാന നിയമസഭകളിലും ബിഹാര്‍, ജാര്‍ഖണ്ഡ്്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലെ പഞ്ചായത്തുകളിലും സിപിഐഎംഎല്‍ ലിബറേഷന് പ്രതിനിധികളുണ്ട്. ഐസ സിപിഐംഎലിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. ലിബറേഷന്‍ പാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണമാണ്. ഹിന്ദിയില്‍ സാംകലീന്‍ ലോക്യുധ്, പശ്ചിമ ബംഗാളിലെ അജ്ക്കര്‍ ദേശഭ്രതി, ത്രിപുരയിലെ നബാസ്ഫുലിംഗ, തമിഴ്‌നാട്ടിലെ തിപ്പോരി, ആന്ധ്രാപ്രദേശിലെ തെലുങ്ക് വിമോചനം, കര്‍ണാടകയിലെ കന്നഡ വിമോചനം, പഞ്ചാബിലെ സാംകലി ലോക് മോര്‍ച്ച തുടങ്ങിയവ പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളാണ്.
Story Highlights – Are the CPIML Maoists? [24 Explainer]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here