Advertisement

കയർത്തുമ്പിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ

November 12, 2020
Google News 2 minutes Read

..

അനിൽകുമാർ സി. പി/ അനുഭവക്കുറിപ്പ്

ദുബായ് റാഷിദ് ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് മാനേജറാണ് ലേഖകൻ

‘ആ ടിക്കറ്റ് ഇനി ആവശ്യമില്ല, സാറത് മറ്റാർക്കെങ്കിലും കൊടുക്കൂ…’ ഇതും പറഞ്ഞു മറുഭാഗത്തു പൊടുന്നനെയാണ് ഫോൺ കട്ടായത്. ആദ്യം തോന്നിയ അമ്പരപ്പ്, പെട്ടന്നു തന്നെ ദേഷ്യമോ, ജാള്യതയോ, അപമാനമോ ഒക്കെ ആയി മാറി. ആ അസ്വസ്ഥതയിൽ ഓഫീസിൽ ആരോടും ഒന്നും മിണ്ടാതെ സമയം തള്ളിനീക്കുമ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു. രണ്ടു പ്രാവശ്യം കട്ടു ചെയ്തിട്ടും വീണ്ടും വിളിച്ചപ്പോൾ എടുക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ഹലോ പറയും മുൻപ്, ചലമ്പിച്ച ശബ്ദത്തിൽ അയാൾ സംസാരിച്ചു തുടങ്ങി. ‘എനിക്കറിയാം സാറിനുണ്ടായ വിഷമം, പക്ഷേ സാറേ കുറേ വർഷങ്ങൾക്ക് ശേഷം, കൊറോണ വന്നിട്ടും ജീവൻ പോകാതെ രക്ഷപെട്ടപ്പോൾ ഒന്നു നാട്ടിൽ പോകണമെന്നും, ഭാര്യയേയും മക്കളേയും അമ്മയേയും കാണണമെന്നു തോന്നിയതും സത്യം. സാറ് ഫ്രീ ടിക്കറ്റിനായി ഒരു പാട് കഷ്ടപ്പെട്ടു എന്നുമറിയാം. പക്ഷേ….. സാറേ അവർക്കെന്നെ കാണണ്ടെന്ന്! മോൻ ചോദിച്ചു, ഞാൻ ജോലി കളഞ്ഞിട്ട് ചെന്നാൽ എങ്ങനെ ജീവിക്കുമെന്ന്. മോൾ പറഞ്ഞു, അച്ഛനിപ്പം വന്നാൽ ചിലപ്പോൾ തിരിച്ചു പോകാൻ പറ്റിയില്ലെങ്കിലെന്തു ചെയ്യുമെന്ന്. അമ്മ പറഞ്ഞു, പ്രായമായ ആളാണ് കൊറോണയും കൊണ്ട് ഇപ്പം ചെല്ലണ്ടാന്ന്… ഇത്ര കാലം നിന്നില്ലേ, കുറച്ചു കൂടി ക്ഷമിക്കാൻ! ഭാര്യയും പറഞ്ഞു, ഇപ്പം വരാൻ നോക്കണ്ട, എല്ലാരും എതിരാണ് എന്ന്! സാറിനറിയുമോ, എല്ലാരും എതിർത്തിട്ടും ഞാനവളെ കെട്ടിയത്… അവളെ എനിക്ക് പ്രാണനായിട്ടാ. അവർ തലയുയർത്തി ജീവിക്കാനാ ഞാൻ ഇരുന്നൂറ് ദിർഹം കൂടുതൽ കിട്ടാൻ ആകാശത്തു കയറേണിയിൽ തൂങ്ങിയാടി ജോലി ചെയ്യുന്നത്. പേടി ഇല്ലാഞ്ഞിട്ടല്ല.. പേടി വരുമ്പോൾ ഞാനവരെ ഓർക്കും! ഇനി ആരെക്കാണാനാ സാറേ ഞാൻ പോകേണ്ടത്. സാറ് എന്നോട് ക്ഷമിക്ക്… ഇനി ഞാൻ നാട്ടിലേക്കേ പോകുന്നില്ല. ഇവിടെ കിടന്നു ചാകാം. ആർക്കും വേണ്ടാത്തവർ എവിടെക്കിടന്നു ചത്താലെന്ത്?’

ഒരു പൊട്ടിക്കരച്ചിൽ മറുഭാഗത്തു ചിതറി വീഴുമ്പോൾ ഞാനും ശബ്ദമിടറി കണ്ണുനിറഞ്ഞു സ്തംഭിച്ചു നിന്നു. അയാളൊരു ക്ലീനിങ് കമ്പനിയിലെ ജോലിക്കാരനാണ്. നിലം തുടയ്ക്കുന്ന ക്ലീനിങ് അല്ല, അംബരചുംബികളുടെ കണ്ണാടി ഭിത്തികൾ വൃത്തിയാക്കുന്ന തൊഴിലാളി. മറ്റു ജോലിക്കാരെ അപേക്ഷിച്ച് റിസ്‌ക്കു കൂടുതലുള്ള ഈ ജോലിക്ക് കുറച്ചു ദിർഹം കൂടുതൽ കിട്ടും. ആകാശത്തു നിന്ന് താഴേക്കു കയറിൽ പിടിച്ചു തൂങ്ങി വരികയാണോ എന്നു തോന്നിപ്പിക്കുംവിധം കയറിൽ കെട്ടിയ ഒരു ചെറിയ ഇരിപ്പിടത്തിൽ ഇരുന്ന്, അതിസാഹസികമായി കണ്ണാടി വൃത്തിയാക്കുന്നവർ. ശക്തമായ കാറ്റും, പൊടിയും, ചൂടും ഒക്കെ അവരുടെ ജോലിയുടെ വെല്ലുവിളി കൂട്ടുന്ന ഘടകങ്ങളാണ്. ഇവിടെ, അപകടം നടന്നാൽ ജീവൻ തിരികെ കിട്ടുമെന്നതിനു യാതൊരു നിശ്ചയവുമില്ല. അങ്ങനെ ആ കയറിൽ തൂങ്ങിയാടി കണ്ണാടി പ്രതലം വൃത്തിയാക്കുമ്പോൾ അവരുടെ മനസ് അതിനു തയ്യാറാകുന്നതു നാട്ടിലെ പ്രിയപ്പെട്ടവരെ ഓർത്താകുമല്ലോ. കൊവിഡ് ബാധിച്ചതോടെ ജോലി നഷ്ടമായി. ശ്വാസകോശത്തിൽ അണുബാധയുമായി ആശുപത്രിയിൽ മരണത്തോട് മല്ലിടുമ്പോൾ അയാൾ കൊതിച്ചത് പ്രിയപ്പെട്ടവരെ ഒന്നു കാണാനാണ്. രോഗം ഭേദമായപ്പോൾ എങ്ങനേയും ഒരു ഫ്രീ ടിക്കറ്റിനായി ശ്രമം. ഒടുവിൽ, ഞാൻ വരുന്നു നാട്ടിലേക്ക് എന്നു വിളിച്ചു പറഞ്ഞപ്പോൾ പ്രിയപ്പെട്ടവർ എന്നു കരുതിയ എല്ലാവരും ഒന്നിച്ചു വേണ്ട എന്നു പറഞ്ഞതോടെ അയാൾ കുഴഞ്ഞു വീണു.

ഇതും കഥയല്ല. പച്ചയായ, പൊള്ളിക്കുന്ന യാഥാർത്ഥ്യം. അല്ലെങ്കിലും നമ്മൾ പ്രവാസികളോളം ഇത്തരമനുഭവങ്ങൾ നേരിടുന്നവർ മറ്റാരുണ്ടാകും? ഇതൊരാളുടെ മാത്രം വിഷയമാണോ? മരുഭൂമിയിൽ വിയർപ്പുനീരിറ്റിക്കുന്നവർ മാറി ചിന്തിക്കേണ്ട കാലം ഇതല്ലേ? ഇപ്പോഴല്ലെങ്കിൽ നാമിനി എന്നാണ് കാര്യങ്ങൾ പഠിക്കുക?

ഓർമ്മയുണ്ടോ, ഗൾഫുകാരന്റെ ചൈനീസ് സിൽക്കു ജുബ്ബയും, തടിച്ച ബ്രേസ്ലെറ്റും, മാലയും, മോതിരവും, എരിയുന്ന ട്രിപ്പിൾ ഫൈവ് സിഗരറ്റും, സ്‌ക്കോച്ചും, കൂളിംഗ് ഗ്ലാസും ഒക്കെ? അന്നും നമ്മൾ വിഡ്ഢിയാക്കപ്പെട്ടു. സിനിമകളിൽ നമ്മൾ പൊങ്ങച്ചക്കാരൻ ഗൾഫുകാരനായിരുന്നു. ഇന്നും അതു തന്നെ മറ്റൊരു ഭാവത്തിൽ തുടരുന്നു. ആരോഗ്യമുള്ളപ്പോൾ ആനന്ദത്തോടെ ഒരുദിവസം പാർക്കാൻ സാധിക്കാത്ത, നമ്മൾ പണി കഴിച്ച വലിയ വീടുകളിലേക്ക് നമ്മൾ ചെന്നെത്തുമ്പോൾ അതു വീതം വയ്ക്കാനുള്ള തിരക്കിലാവും ബന്ധുക്കൾ. എല്ലായിടത്തും സംഭാവന കൈയ്യയച്ച് ചെയ്യണം. ഇല്ലെങ്കിൽ വീട്ടുകാർക്കു മാനക്കേട്. ഇത്തരം മാനക്കേടുകൾ മാറ്റി മാറ്റി, നമ്മൾ കൂടുതൽ കടക്കെണിയിൽ കുരുങ്ങിയത്, ആത്മഹത്യ ചെയ്യാൻ തുനിഞ്ഞത്, ജയിലിൽപ്പോലും പെട്ടു പോയത്, ഏത് ജോലിയും ജീവൻ പണയം വച്ചും ചെയ്യാൻ തയ്യാറായത് ആർക്കു വേണ്ടി? ഇപ്പോൾ ചിന്തിക്കാം. ഒന്നു മനസിലാക്കാം, ജീവിതം ഒന്നേയുള്ളൂ. അത് മറ്റാരെയെങ്കിലും ബോധ്യപ്പെടുത്തി ജീവിച്ച് നരകിച്ചു മരിക്കാനുള്ളതല്ല. സ്വന്തം മനഃസാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. നമ്മൾ പണം മാത്രം ലക്ഷ്യമിടുമ്പോൾ (അതും കുടുംബത്തിനായി) നമുക്കു ചുറ്റുമുള്ളവരും അതുമാത്രം ലക്ഷ്യമിടും. ആ മുൻഗണന മാറ്റാം. നമുക്കും ജീവിതത്തിന്റെ ചെറു സന്തോഷങ്ങൾ ആവശ്യമുണ്ടെന്നു സ്വയം നിശ്ചയിക്കുക. സ്വന്തം പരിമിതികൾ വീട്ടുകാരെ ബോധ്യപ്പെടുത്തുക. പൊങ്ങച്ചം സ്വയം നശിപ്പിക്കുമെന്ന് മനസിലാക്കുക. എന്നിട്ട്, ഇനിയെങ്കിലും അവനവനു വേണ്ടി കൂടി ജീവിക്കാൻ പഠിക്കുക.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Kayarthumbil thoongiyadunna jeevithangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here