Advertisement

കോളജ് അധ്യാപകന്‍ കൈപിടിച്ചുയര്‍ത്തി; തെരുവില്‍ ഭിക്ഷയെടുത്തിരുന്നയാള്‍ ഇന്ന് സ്വന്തമായി ബിസിനസ് നടത്തുന്നു

November 14, 2020
2 minutes Read

എട്ടു മാസങ്ങള്‍ക്ക് മുന്‍പു വരെ ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് ഭിക്ഷയെടുക്കുന്നതായോ, റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ഉറങ്ങുന്ന രീതിയിലോ കെ. വെങ്കിട്ടരാമനെ നിങ്ങള്‍ക്ക് കാണാനാകുമായിരുന്നു. എന്നാല്‍ 2020 വെങ്കിട്ടരാമനെ ഒരു ബിസിനസുകാരനാക്കി. ഇപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ ടീ ഷോപ്പ് നടത്തുകയാണ് വെങ്കിട്ടരാമന്‍.

തന്റെ ജീവിതം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞതെന്ന് ഈ 39 കാരന്‍ പറയും. ലോക്ക്ഡൗണ്‍ സമയത്താണ് തമിഴ്‌നാട്ടിലെ ഇറോഡിലെ ജെകെകെഎന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറായ പി. നവീന്‍ കുമാര്‍ കെ. വെങ്കിട്ടരാമനെ കണ്ടെത്തുന്നത്. ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷയെടുക്കുകയായിരുന്നു അപ്പോള്‍ വെങ്കിട്ടരാമന്‍.

താന്‍ ഒരു മദ്യപാനിയായിരുന്നുവെന്നും അക്കാരണത്താല്‍ തന്നെ ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചതായും വെങ്കിട്ടരാമന്‍ പറയുന്നു. ആളുകള്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും ഭക്ഷണവുമായിരുന്നു തന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പലപ്പോഴും ജോലിക്കായി ആളുകളെ സമീപിച്ചെങ്കിലും തന്നെ എല്ലാവരും ആട്ടിയോടിക്കുകയായിരുന്നുവെന്നും വെങ്കിട്ടരാമന്‍ പറയുന്നു. ഈ സമയത്താണ് നവീന്‍ വെങ്കിട്ടരാമനെ കണ്ടെത്തുന്നുതും സഹായം ഒരുക്കുന്നതും.

ആറു വര്‍ഷമായി ജെകെകെഎന്‍ കോളജില്‍ അധ്യാപകനാണ് പി. നവീന്‍ കുമാര്‍. തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്കും ഭിക്ഷാടകര്‍ക്കും സഹായമൊരുക്കുന്നത് നവീന്‍ കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്‍ജിനിയറിംഗ് ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് തെരുവില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനായി പ്രവര്‍ത്തിച്ചുതുടങ്ങിയതെന്ന് നവീന്‍ കുമാര്‍ പറയുന്നു. പഠിക്കുന്നതിനായി കോളജിലേക്ക് പോകുമ്പോള്‍ പോക്കറ്റ് മണിയായി വീട്ടില്‍ നിന്ന് 10 രൂപ ലഭിക്കുമായിരുന്നു. ഈ തുകയ്ക്ക് തെരുവില്‍ ഭിക്ഷയെടുക്കുന്ന ആര്‍ക്കെങ്കിലും ഭക്ഷണം വാങ്ങി നല്‍കുമായിരുന്നു.

” എന്റെ അച്ഛന്‍ ഭിന്നശേഷിക്കാരനാണ്. അമ്മ കിടപ്പിലും. അതിനാല്‍ തന്നെ വിശപ്പിന്റെ വില എനിക്കറിയാം” നവീന്‍ പറയുന്നു.

ഭിക്ഷയെടുക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരു ചാന്‍സ് കൂടി ഒരുക്കുകയാണ് നവീന്‍ ചെയ്യുന്നത്. തെരുവില്‍ കഴിയുന്നവരില്‍ പലര്‍ക്കും പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ അവസരം ഒരുക്കി. മാനസിക വിഭ്രാന്തിയുള്ളവരെ നവീനും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച അത്ചയം ട്രസ്റ്റില്‍ പ്രവേശിപ്പിക്കും. ഇതിനോടകം അയ്യായിരത്തിലധികം ഭിക്ഷാടകര്‍ക്ക് സഹായം ഒരുക്കാന്‍ നവീന് സാധിച്ചിട്ടുണ്ട്. ചിലര്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള സൗകര്യം ഒരുക്കി. ചിലരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓള്‍ഡ് ഏജ് ഹോമുകളിലാക്കി. ചിലരെയെങ്കിലും കുടുംബത്തോടൊപ്പം മടക്കി അയക്കാനും നവീന് സാധിച്ചു.

(കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യ)

Story Highlights College professor gives beggars a second chance at life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement