കഠിനാധ്വാനത്തിന്റെ 15 വർഷങ്ങൾ; ‘കടമില്ലാതെ’ റംലയുടെ സ്വപ്‌നവീട്

രതി. വി.കെ
മലപ്പുറം രാമപുരം സ്വദേശിനി റംലയുടെ വീടിന് ഒരു പ്രത്യേകതയുണ്ട്. തുച്ഛവരുമാനക്കാരിയായ റംല ഒരു രൂപ പോലും കടം അവശേഷിപ്പിക്കാതെയാണ് ഈ വീട് നിർമിച്ചത്. വീട് വച്ച് കടം ഉണ്ടാക്കുന്ന ആധുനിക മലയാളിയുടെ ശരാശരി ‘മാസത്തവണ ഊരാക്കുടുക്കിൽ’ റംലയില്ല.

ഭർത്താവ് വീണിടത്തുനിന്ന് റംല തുടങ്ങി
ഭർത്താവ് മുഹമ്മദ് കുട്ടിയും രണ്ട് ആൺമക്കളും അടങ്ങിയതാണ് റംലയുടെ കുടുംബം. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ഭർത്താവ് മരത്തിൽ നിന്ന് വീണ് പരുക്കേറ്റ് കിടപ്പിലായതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി റംല. ആരംഭത്തിൽ അയൽ വീടുകളിൽ പോയി പാത്രം കഴുകി. അതിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം ഭർത്താവും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അരവയർ നിറയ്ക്കാൻ മാത്രമായിരുന്നു തികഞ്ഞിരുന്നത്. ഇതിനിടെയാണ് തൊഴിൽ ആരംഭിക്കാൻ താത്പര്യമുള്ളവയുടെ ഒരു യോഗം പഞ്ചായത്ത് വിളിച്ചത്. ആ യോഗത്തിൽ റംല പങ്കെടുത്തത് വഴിത്തിരിവായി.

കൈപ്പുണ്യം കൈമുതലായി
കൈപുണ്യം കൈമുതലായുണ്ടായിരുന്ന റംല അതുതന്നെ ജീവിതമാർഗമായി തെരഞ്ഞെടുത്തു. അച്ചാർ ബിസിനസ് തുടങ്ങാനായിരുന്നു റംലയുടെ തീരുമാനം. കുടുംബശ്രീയിൽ നിന്ന് രണ്ടായിരം രൂപ വായ്പയെടുത്തു. പാത്രങ്ങളും ചട്ടുകവും മറ്റും വാങ്ങിക്കഴിഞ്ഞപ്പോൾ തന്നെ കൈയിലുണ്ടായിരുന്ന പണം കാലി. ബാക്കിയുണ്ടായിരുന്ന ചില്ലറയ്ക്ക് രണ്ട് കിലോ വീതം മാങ്ങയും നാരങ്ങയും വാങ്ങി. ആദ്യകാലത്ത് മലപ്പുറം കളക്ടറേറ്റ് പടിക്കലും വീടുവീടാന്തരം കയറിയുമായിരുന്നു വിൽപന.

പത്ത് വർഷമെടുത്ത് സ്വപ്‌ന വീട്
ഓരോ രൂപയും സ്വരുക്കൂട്ടിവച്ച് പത്ത് വർഷമെടുത്താണ് റംല 1600 ചതുരശ്ര അടി വരുന്ന വീടൊരുക്കിയത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവ് വന്നു. അറിയുന്നവരിൽ നിന്ന് ചെറിയ തുക കടം വാങ്ങി. മേളകളിൽ നിന്ന് വരുമാനം ലഭിച്ചപ്പോൾ അത് തിരിച്ചു നൽകി. അതായത് കടം അവശേഷിപ്പിക്കാത്ത കൃത്യമായ പ്ലാനിംഗ്. ഒരിക്കൽ പോലും ലോണിനെ ആശ്രയിച്ചിട്ടില്ലെന്ന് റംല പറയുമ്പോൾ 35-ാം വയസിൽ തുടങ്ങിയ അധ്വാനത്തിന്റെ തൃപ്തിയുണ്ട് ഈ വീട്ടമ്മയ്ക്ക്.

എണീറ്റ് നടക്കാൻ പറ്റുന്ന കാലം വരെ ഇത് തുടരും
കൊവിഡ് പടർന്നു പിടിച്ചതോടെ ചന്തകളും മേളകളും ഇല്ലാതായി. അവിടെയും വീണുപോകാൻ റംല തയ്യാറായില്ല. പഞ്ചായത്തിന് കീഴിലുള്ള സ്ഥിര വിപണന കേന്ദ്രത്തിൽ അച്ചാറും മറ്റ് സാധനങ്ങളും വിൽപന നടത്തുന്നുണ്ട് റംല. നട്ടെല്ലിന് ക്ഷതമേറ്റതിനാൽ മറ്റ് ജോലിക്കൊന്നും പോകാൻ പറ്റാത്ത ഭർത്താവ് മുഹമ്മദ് കുട്ടിയാണ് വിപണന കേന്ദ്രത്തിൽ വിൽപനയ്ക്കിരിക്കുന്നത്. പെരുന്തൽമണ്ണ ജില്ലാ മിഷന്റെ കീഴിലുള്ള ബസാറിലും റംലയുടെ ഉത്പന്നങ്ങൾ വിൽപയ്ക്കെത്തുന്നുണ്ട്. എണീറ്റ് നടക്കാൻ പറ്റുന്ന കാലം വരെ തന്റെ ബിസിനസ് തുടരുമെന്നാണ് റംല പറുന്നത്. പോണ്ടിച്ചേരിയിൽ ഫിസിക്കൽ എഡ്യുക്കേഷനിൽ പിഎച്ച്ഡി ചെയ്യുന്ന മൂത്ത മകൻ മുനീറും ഒമാനിൽ ജോലി ചെയ്യുന്ന രണ്ടാമത്തെ മകൻ ഷെമീറും പൂർണ പിന്തുണയുമായി റംലയ്ക്കൊപ്പമുണ്ട്.
വിഡിയോ
Story Highlights – Ramla, Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here