വാങ്ങാൻ ആളില്ല; ബിപിസിഎൽ ഓഹരി വില കൂപ്പുകുത്തി

പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎലിൻ്റെ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ഓഹരി വില കൂപ്പുകുത്തി. കമ്പനിയുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു എങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് ബിപിസിഎൽ ഓഹരി വില ഇടിഞ്ഞത്. അഞ്ചു ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 20 രൂപയ്ക്ക് മുകളിൽ വില ഇടിഞ്ഞതോടെ ഓഹരി വില 392.35 രൂപയായി.
Read Also : ലാഭത്തിലുള്ള ബിപിസിഎൽ വിൽക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാൻ: യെച്ചൂരി
അതേസമയം, ഓഹരികൾ വാങ്ങുന്നതിനായി ഒന്നിലധികം കമ്പനികൾ അപേക്ഷ നൽകിയതായി കേന്ദ്രം അറിയിച്ചു. അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസോ ഇന്ധന വിപണിയിലെ വമ്പന്മാരായ സൗദി അരാംകോ, ബിപി, ടോട്ടൽ എന്നിവരോ അപേക്ഷ നൽകിയവരിൽ ഉൾപ്പെട്ടിട്ടില്ല. ആരൊക്കെയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നോ എത്ര പേർ ഉണ്ടെന്നോ കേന്ദ്രം അറിയിച്ചിട്ടില്ല. ഒന്നിലധികം താത്പര്യപത്രങ്ങൾ ലഭിച്ചതോടെ വിറ്റഴിക്കൽ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ ട്വീറ്റ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ സർക്കാരിനുള്ള (ബിപിസിഎൽ) 53.29 ശതമാനം ഓഹരികൾ വിൽക്കാനാണ് കേന്ദ്രത്തിൻ്റെ പദ്ധതി. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും കേന്ദ്രം നിലപാടിൽ മാറ്റം വരുത്താതെ മുന്നോട്ടുപോവുകയായിരുന്നു. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 1.05 ലക്ഷം കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമാക്കുന്നത്. പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ നിയന്ത്രണം കുറക്കുക, പൊതുമേഖലാ ഓഹരികൾ വിറ്റ് ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുക, ധനക്കമ്മി നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ബിപിസിഎല്ലിനെ പൂർണമായി സ്വകാര്യവത്കരിക്കുന്നത്.
Story Highlights – Bharat Petroleum Corporation Shares Fall 5% After First Round Of Bidding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here