ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക- മാനസിക ആരോഗ്യം പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘം രൂപീകരിച്ചത്.
Read Also : വി.കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യപരിശോധന നടത്തണം; ഉത്തരവിട്ട് കോടതി
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ച് പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ ഉള്ള സംഘമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുക. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സംഘത്തിന് പരിശോധന നടത്താം. റിപ്പോര്‍ട്ട് 24ാം തിയതി ചൊവ്വാഴ്ച രാവിലെ കോടതിയില്‍ സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പാലാരിവട്ടം അഴിമതി കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് പ്രതി ചേര്‍ത്തു. കരാറുകാരന് മുന്‍കൂര്‍ വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ നാല് പേരെയും കിട്‌കോയിലെ രണ്ട് പേരെയും ആണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
കരാറുകാരായ ആര്‍ടിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം ലഭിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത്തരത്തില്‍ മുന്‍കൂര്‍ പണം അനുവദിച്ചത്, അത് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി പണം തുടക്കം മുതല്‍ തന്നെ ലഭിക്കുന്നതിന് വേണ്ടി ആയിരുന്നു എന്നതിന് വിജിലന്‍സിന് തെളിവ് ലഭിച്ചു. പൊതുമരാമത്ത് വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി ആയിരുന്ന കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ്, കിറ്റ്‌കോയുടെ എഞ്ചിനീയര്‍ എ എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവും.
Story Highlights – ibrahim kunju, palarivattam corruption case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here