ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് ബൈഡന്‍; എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം

Biden's cabinet members; Representation for all categories

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇതാദ്യമായി ഒരു വനിതയെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ഇതാദ്യമായി ലാറ്റിന്‍ അമേരിക്കന്‍ വംശജനെയും ബൈഡന്‍ നിയമിച്ചു. ആവ്‌റില്‍ ഹെയ്ന്‍സും അലക്‌സാണ്ട്രോ മയോര്‍ക്കസുമാണ് യഥാക്രമം ഈ സ്ഥാനങ്ങളില്‍ നിയമിതരായത്. ആന്റണി ബ്ലിങ്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായും ജോണ്‍ കെറി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദൗത്യത്തിനും നിയോഗിക്കപ്പെട്ടു. അതേസമയം ഡോണള്‍ഡ് ട്രംപ് തന്റെ തോല്‍വി സമ്മതിച്ചു. അധികാര കൈമാറ്റ നടപടികള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് അനുമതി നല്‍കി.

ചരിത്രം കുറിച്ച നിയമനങ്ങളാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദയമായ കുടിയേറ്റ നയം നടപ്പിലാക്കിയ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ പുനര്‍നിര്‍മിക്കുക എന്നതാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി നിയമിക്കപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ വംശജന്‍ അലക്‌സാണ്ട്രോ മയോര്‍ക്കസിന് നല്‍കിയിരിക്കുന്ന നിയോഗം. ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായും ചാരസംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥയുമായ ആവ്‌റില്‍ ഹെയ്ന്‍സിന്റെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്തുള്ള നിയമനവും ശ്രദ്ധേയമാണ്. അതേസമയം ആന്റണി ബ്ലിങ്കണ്‍ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. മറ്റ് രാജ്യങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ ശക്തമായ കാഴ്ചപ്പാടുള്ള ബ്ലിങ്കണായിരിക്കും ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിക്കുക. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഡെപ്യൂട്ടി സെക്രട്ടറിയായും ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായും ആന്റണി ബ്ലിങ്കണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിനെ യുഎന്നിലെ സ്ഥാനപതിയായും ജെയ്ക് സള്ളിവനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ജോ ബൈഡന്‍ നിയോഗിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദൗത്യത്തിന് പ്രസിഡന്റിന്റെ പ്രതിനിധിയായി നിയോഗിക്കപ്പെട്ടിരിക്കുന്ന ജോണ്‍ കെറിയുടെ നിയമനവും പ്രാധാന്യമര്‍ഹിക്കുന്നു. ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് ഏറ്റവും മോശമായ കൈകാര്യം ചെയ്ത വിഷയങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമായിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ തിരുത്ത് വരുത്താനാണ് ബൈഡന്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. മുന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍ ആയിരുന്ന ജാനറ്റ് യെലനെ ട്രഷറി സെക്രട്ടറിയായി ജോ ബൈഡന്‍ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ ട്രഷറി സെക്രട്ടറിയാവുന്ന ആദ്യ വനിതയായിരിക്കും യെലന്‍. കൊവിഡ് കാരണം കടുത്ത പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുക എന്ന കഠിനമായ ജോലിയാണ് ജാനറ്റ് യെലനെ കാത്തിരിക്കുന്നത്. ഇത് ഉള്‍പ്പെടെയുള്ള ചില നിയമനങ്ങള്‍ സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. അമേരിക്കയെ ലോകനേതൃസ്ഥാനത്തേയ്ക്ക് തിരിച്ചെത്തിക്കാന്‍ ആവശ്യമായ ടീമിനെയാണ് തനിക്ക് ആവശ്യമെന്നും അതിന് പാകമായ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ജോ ബൈഡന്‍ വ്യക്തമാക്കി.

Story Highlights Biden’s cabinet members; Representation for all categories

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top