മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസ്; കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kangana Ranaut interim protection

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെയും സഹോദരി രം​ഗോലി ചന്ദേലിൻ്റെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി. ജനുവരി 8ന് മുംബൈ പൊലീസിനു മുന്നിൽ ഹാജരാകണമെന്ന് കോടതി ഇരുവർക്കും നിർദ്ദേശം നൽകി. തങ്ങൾക്കെതിരെ രെജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിർദ്ദേശം.

കേസിൽ മൂന്ന് തവണ ബാന്ദ്ര പൊലീസ് ഇരുവർക്കും സമൻസ് അയച്ചിരുന്നു. ആദ്യം ഒക്ടോബർ 26, 27 തീയതികളിൽ ഹാജരാവണമെന്ന് സമൻസ് അയച്ച പൊലീസ് പിന്നീട് നവംബർ 9, 10 തീയതികളിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് രണ്ടാമതൊരു സമൻസ് കൂടി അയച്ചു. എന്നാൽ, കുടുംബത്തിലൊരു കല്യാണം നടക്കുന്നതിനാൽ നവംബർ 15 വരെ തിരക്കായിരിക്കുമെന്ന് കങ്കണ അറിയിച്ചു. തുടർന്ന് നവംബർ 23, 24 തീയതികളിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് മൂന്നാമതും സമൻസ് അയച്ചു.

Read Also : മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസ്; എഫ്ഐആർ റദ്ദാക്കണമെന്ന് കങ്കണയും സഹോദരിയും കോടതിയിൽ

മുംബൈയിലെ ബാന്ദ്ര മെട്രോപോളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കാസ്റ്റിംഗ് ഡയറക്ടറായ സഹിൽ അഷറഫലി സയ്യിദാണ് പരാതിക്കാരൻ. കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും, അഭിമുഖങ്ങൾ വഴിയും മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് നടിക്കെതിരെ കേസെടുക്കാൻ മുംബൈ പൊലീസിനോട് കോടതി നിർദേശിച്ചത്.

മുംബൈയെ പാക് അധിനിവേശ കശ്മീരായി കങ്കണ വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സർക്കാർ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായി എന്ന താരത്തിൻ്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സർക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.

Story Highlights Kangana Ranaut, sister granted interim protection from arrest in sedition case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top