ഇന്ത്യയുടെ പുതിയ ജഴ്സി വെളിപ്പെടുത്തി ശിഖർ ധവാൻ

പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജഴ്സി വെളിപ്പെടുത്തി ഓപ്പണർ ശിഖർ ധവാൻ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന ജഴ്സിയാണ് ധവാൻ പുറത്തുവിട്ടിരിക്കുന്നത്. ധവാൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത സെൽഫിയിൽ 1992ലെ ഇന്ത്യയുടെ ജഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റെട്രോ ജഴ്സിയാണ് കാണാനാവുന്നത്.
ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ ആണ് ഇന്ത്യൻ ജഴ്സിയുടെ പുതിയ സ്പോൺസർമാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ എംപിഎലുമായി ബിസിസിഐ ഒപ്പിട്ടത്.
ടി-20 പരമ്പരയിൽ ഓസ്ട്രേലിയയും പുതിയ ജഴ്സിയാവും അണിയുക. ഓസ്ട്രേലിയൻ സംസ്കാരത്തെയും ബന്ധങ്ങളെയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ജഴ്സിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവതരിപ്പിച്ചിരിക്കുന്നത്.
Read Also : ഇശാന്തിനും രോഹിതിനും ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി.
Story Highlights – Shikhar Dhawan gives sneak peek into team India’s new jersey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here