ടീം ബസിലെ സീറ്റിനെച്ചൊല്ലി തർക്കം; സൂപ്പർ താരം സ്ക്വാഡിൽ നിന്ന് പുറത്ത്

Brugge player bus seat

ടീം ബസിലെ സീറ്റിനെച്ചൊല്ലി തർക്കിച്ച സൂപ്പർ താരത്തെ സ്ക്വാഡിൽ നിന്ന് പുറത്താക്കി ബെൽജിയം ക്ലബ്. നൈജീരിയൻ താരം ഇമ്മാനുവൽ ഡെന്നിസിനെ ബെൽജിയം ക്ലബ് ബ്രഗെയാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് പുറത്താക്കിയത്. ഇന്നലെ ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടുമായി നടന്ന മത്സരത്തിൽ ഡെന്നിസ് ഇല്ലാതെയാണ് ബ്രഗെ കളിച്ചത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രഗെ പരാജയപ്പെട്ടിരുന്നു.

ടീം ബസിൽ സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് 23കാരനായ ഡെന്നിസ് അധികൃതരോട് തർക്കിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതു കൊണ്ട് തന്നെ ആ സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കുപിതനായ യുവതാതാരം ബസ്സിൽ നിന്നിറങ്ങി പോവുകയായിരുന്നു. അതുകൊണ്ട് തന്നെ താരം ടീമിനൊപ്പം ജർമ്മനിയിൽ എത്തിയില്ല.

Read Also : സുവാരസിനു കൊവിഡ്; ബ്രസീലിനെതിരെയും ബാഴ്സക്കെതിരെയും കളിക്കില്ല

അച്ചടക്ക നടപടികളെത്തുടർന്നാണ് ഡെന്നിസിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് മത്സരത്തിന് മുമ്പായി നടന്ന പത്രസമ്മേളനത്തിൽ ബ്രഗെ പരിശീലകൻ ഫിലിപ്പെ ക്ലെമന്റ് പറഞ്ഞിരുന്നു.

2017ലാണ് ഡെന്നിസ് ബ്രഗെയ്ക്കായി അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ താരം ക്ലബിന് സമനിലയും നേടിക്കൊടുത്തു.

Story Highlights Brugge player dropped for Champions League game after bus seat row

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top