സാക്ഷിയെ ഭീഷണിപ്പെടുത്തല്‍; പ്രദീപ് കുമാര്‍ കസ്റ്റഡിയില്‍

നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി റിമാൻഡ് ചെയ്ത പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും കൊട്ടാരക്കര ഉൾപ്പടെയുളള വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ
കോടതിയിൽ അറിയിച്ചു.
കേസിൽ മൊബൈൽ ഫോണും ഭീഷണി കത്തുകളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുണ്ടെന്നും കസ്റ്റഡി അനിവാര്യമാണെന്ന ആവശ്യവും പരിഗണിച്ചാണ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഇന്നു തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു പോകും. ഓരോ 48 മണിക്കൂറിലും വൈദ്യ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കസ്റ്റഡി പൂർത്തിയാക്കി ഞായറാഴ്ച്ച വൈകിട്ട് 3.30 ന് പ്രദീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കണം.
നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷി തൃക്കണ്ണാട് സ്വദേശി വിപിൻലാലിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കാസർകോട്ടെത്തിച്ചത്.പ്രദീപിൻ്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച കോടതി പരിഗണിക്കും.
Story Highlights – thratening witness, actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here