പ്രതിഷേധം കളിക്കളത്തിൽ; അദാനിക്ക് വായ്പ നൽകുന്ന എസ്ബിഐക്കെതിരെ പ്ലക്കാർഡ് ഏന്തി യുവാക്കൾ

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിനിടെ ഗ്രൗണ്ടിൽ പ്രതിഷേധം. ആസ്‌ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാൻ അദാനിക്ക് എസ്ബിഐ 5,000 കോടിയുടെ വായ്പ നൽകുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ഗ്രൗണ്ടിലെത്തിയത്. മത്സരത്തിനിടെ രണ്ട് യുവാക്കൾ പ്ലക്കാർഡുമേന്തി ഗ്രൗണ്ടിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഓസ്ട്രേലിയൻ ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. ആറാം ഓവർ എറിയാനായി നവദീപ് സെയ്നി തയ്യാറെടുക്കുന്നതിനിടെയാണ് യുവാക്കൾ ഗ്രൗണ്ടിലെത്തിയത്. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് ഇവർ പ്രതിഷേധിച്ചത്. രണ്ട് യുവാക്കളെയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
Read Also : പാണ്ഡ്യയുടെയും ധവാന്റെയും പോരാട്ടം പാഴായി; കൊവിഡാനന്തരം ഇന്ത്യക്ക് തോൽവിയോടെ തുടക്കം
മത്സരത്തിൽ ഇന്ത്യ 66 റൺസിൻ്റെ തോൽവി വഴങ്ങിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ചിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 375 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനേ സാധിച്ചുള്ളൂ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ഓസ്ട്രേലിയ അർഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി 90 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ടോപ്പ് സ്കോററായി. ശിഖർ ധവാൻ 74 റൺസെടുത്തു. ഓസീസിനായി ആദം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി.
കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
Story Highlights – Protesters enter ground holding banner against Adani Group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here