തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും
തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടിക നാളെ മുതൽ തയാറാക്കി തുടങ്ങും.
ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും.
വോട്ടർപട്ടികയുമായി പരിശോധിച്ചശേഷമാകും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് വഴിയോ മറ്റൊരാൾ മുഖേനയോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വോട്ടെണ്ണലിനു മുമ്പ് തിരികെ വരണാധികാരിക്ക് നൽകണം. അന്തിമ സ്ഥാനാർത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
Story Highlights – local body election postal vote application from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here