2 ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ഒഡീഷ; ത്രില്ലർ മാച്ച് സമനിലയിൽ

ഐഎസ്എലിലെ ജംഷഡ്പൂർ എഫ്സി-ഒഡീഷ എഫ്സി മത്സരം സമനിലയിൽ. രണ്ട് ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും പോയിൻ്റ് പങ്കിട്ടത്. ജംഷഡ്പൂരിനായി നെരിജസ് വാൽസ്‌കിസ് ഇരട്ട ഗോൾ നേടിയപ്പോൾ ഒഡീഷയ്ക്ക് വേണ്ടി ഡിയേഗോ മൗറീസിയോയും ഇരട്ട ഗോളടിച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷമാണ് ഒഡീഷ കളി സമനില പിടിച്ചത്.

രണ്ട് പകുതികൾ കൃത്യമായി രണ്ട് ടീമുകൾക്ക് വീതിക്കപ്പെട്ട മത്സരമായിരുന്നു ഇത്. ആദ്യ പകുതിയിൽ ജംഷഡ്പൂരും രണ്ടാം പകുതിയിൽ ഒഡീഷയും കളി സ്വന്തമാക്കി. 12ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി അനായാസം സ്കോർ ചെയ്ത വാൽസ്കിസ് തുടക്കത്തിൽ തന്നെ ജംഷഡ്പൂരിനു മുൻതൂക്കം നൽകി. ഗൗരവ് ബോറയുടെ ഹാൻഡ് ബോളിൽ നിന്നാണ് ജംഷഡ്പൂരിന് പെനാൽറ്റി ലഭിച്ചത്. 27ആം മിനിട്ടിൽ വീണ്ടും വാൽസ്കിസ് സ്കോർ ചെയ്തു. ഇത്തവണ പ്രതിരോധ നിരയുടെ പിഴവിൽ നിന്നാണ് അദ്ദേഹം സ്കോർ ചെയ്തത്. മെല്ലെ കളിയിലേക്ക് തിരികെ വന്ന ഒഡീഷ ജംഷഡ്പൂർ പ്രതിരോധത്തെ പരീക്ഷിക്കാൻ തുടങ്ങി. ചില അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ആദ്യ പകുതി രണ്ടു ഗോളിന് ജംഷഡ്പൂർ ലീഡ് ചെയ്തു.

Read Also : ഐഎസ്എൽ; ആദ്യ മത്സരത്തിൽ ജംഷഡ്പൂർ ഒഡീഷയെ നേരിടും

രണ്ടാം പകുതിയിൽ ജംഷഡ്പൂർ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ആക്രമിച്ച് കളിച്ച ഒഡീഷയ്ക്ക് മുന്നിൽ ജംഷഡ്പൂർ പ്രതിരോധം ആടിയുലഞ്ഞു. ഇതിനിടെ 74ആം മിനിട്ടിൽ ഗോൾ കീപ്പർ ടിപി രഹനേഷ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ജംഷഡ്പൂരിന് കനത്ത തിരിച്ചടിയായി. ബോക്സിലേക്ക് വന്ന ലോംഗ് ബോൾ പഞ്ച് ചെയ്യുമ്പോൾ താരം ബോക്സിനു പുറത്തായിരുന്നതിനാലാണ് മലയാളി ഗോളിക്ക് മാർച്ചിംഗ് ഓർഡർ ലഭിച്ചത്. 60ആം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ മൗറീസിയോയിലൂടെ 77ആം മിനിട്ടിൽ ഒഡീഷ ആദ്യ ഗോൾ മടക്കി. ശുഭം സാരംഗിയുടെ ഷോട്ട് റീബൗണ്ടിലൂടെ മൗറീസിയോ വലയിലാക്കുകയായിരുന്നു. വീണ്ടും ആക്രമണം തുടർന്ന ഒഡീഷ ഇഞ്ചുറി ടൈമിൽ അർഹതപ്പെട്ട സമനിലയും പിടിച്ചു. ഡാനിയൽ നൽകിയ പാസിൽ നിന്ന് ഒരു പവർഫുൾ ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്.

Story Highlights jamshedpur fc drew with odisha fc isl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top