അമേരിക്കയും ലോകവും വനിതാ നേതാക്കൾക്ക് പിറകെ…

women leads america and world by pp james
  • പി.പി ജെയിംസ്

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ വൈസ് പ്രസിഡന്റായി കമലാഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കൻ ഭരണതലത്തിലും അതിന്റെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ മന്ത്രിസഭയിൽ പ്രമുഖസ്ഥാനങ്ങളിൽ വനിതകൾ എത്തുന്നു. കമലാഹാരിസിന് പുറമെ, ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായും, ധനകാര്യ സെക്രട്ടറിയായും, ശക്തരായ വനിതകൾ കസേര കൈയടക്കി. വെളുത്ത വർ​ഗക്കാർക്കൊപ്പം ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ, ഏഷ്യൻ വനിതകളും അമേരിക്കയിൽ പ്രമുഖ സ്ഥാനത്ത് എത്തിയത് പുതിയ വനിതാ നേതാക്കളിലേക്ക് കാര്യങ്ങൾ മാറുന്നതിന്റെ സൂചനയാണ്. അമേരിക്കൻ ഐക്യം തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാ​ഗം കൂടിയാണ്…..

women leads america and world by pp james

ഡോണൾഡ് ട്രംപിന് ലഭിച്ചതിനേക്കാൾ ഇരട്ടി സ്ത്രീകളുടെ വോട്ട് ജോ ബൈഡന് ലഭിച്ചതാണ് ഈ നയമാറ്റത്തിന് പിന്നിലെ പ്രേരകശക്തി എന്ന് പറയുന്നു. ആഫ്രോ-ഇന്ത്യൻ വംശജയായ കമലാഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡന് മേൽക്കൈ നൽകിയെന്നാണ് വിലയിരുത്തൽ. കുടിയേറ്റക്കാരുടെയും അമേരിക്കൻ വനിതകളുടെയും വോട്ടുകൾ വൻതോതിൽ‌ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിക്കാൻ കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചു.

ഇതാദ്യമായി ജോ ബൈഡന്റെ മാധ്യമപ്പടയിൽ മുഴുവൻ പേരും വനിതകളാണ്. അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ട്രഷറി സെക്രട്ടറിയായി (ധനകാര്യ മന്ത്രിക്ക് തുല്യം) സെൻട്രൽ ബാങ്ക് മുൻ ചെയർ പേഴ്സൺ ജാനറ്റ് യെല്ലൻ നിയമിതയായപ്പോൾ, ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ഇതാദ്യമായി ലാറ്റിൻ അമേരിക്കൻ വനിത നിയോ​ഗിക്കപ്പെട്ടു.

women leads america and world by pp james
ജാനറ്റ് യെല്ലൻ

ഐക്യരാഷ്ട്ര സഭയിൽ അമേരിക്കയെ ഇനി പ്രതിനിധീകരിക്കുന്നത് ആഫ്രിക്കൻ വംശജയായ നയതന്ത്രജ്ഞയാണ്. ഇന്ത്യൻ വംശജയായ നീര ടാൻഡൻ വൈറ്റ് ഹൗസിൽ ബജറ്റ് ഡയറക്ടർ ആവുന്നതും സവിശേഷതയാണ്. വെളുത്ത വംശജരുടെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ‘ട്രംപിസ’ത്തെ, ബഹുസ്വരത കൊണ്ടും വനിതാ നേതാക്കളുടെ സാന്നിധ്യം കൊണ്ടും നേരിടുകയാണ് ബൈഡൻ.

women leads america and world by pp james
നീര ടാൻഡൻ

അമേരിക്കയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഒരു വനിത എത്താൻ 2020 വരെ കാത്തിരിക്കേണ്ടി വന്നെങ്കിൽ , ഇക്കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചത് ഏഷ്യയിലെ വനിതാ നേതാക്കളാണ്. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ശ്രീലങ്കയിൽ നിന്ന് സിരിമാവോ ബന്ദാരനായകെയാണ്. അവരുടെ ഭർത്താവ് സോളമൻ ബന്ദാരനായകെ കൊല്ലപ്പെട്ടതിന് പിന്നാലെ 1960 ലാണ് സിരിമാവോ ചരിത്രം കുറിച്ച് പ്രധാനമന്ത്രിയായത്. പിന്നീട് അവരുടെ മകൾ ചന്ദ്രിക കുമാരതും​ഗെ ശ്രീലങ്കയിലെ പ്രസിഡന്റായത് മറ്റൊരു ചരിത്രം. അൻപത് വർഷം മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാ​ഗാന്ധിയും, ഇസ്രയേലിനെ യുദ്ധത്തിൽ വിജയിപ്പിച്ച പ്രധാനമന്ത്രി ​ഗോൾഡ മേയറും ഏഷ്യയിൽ നിന്ന് ഉയർന്നുവന്ന ശക്തരായ വനിതാ നേതാക്കളാണ്. ഇന്ത്യയിൽ ഇന്ദിരാ ​ഗാന്ധി, ഫിലിപ്പീൻസിൽ കൊറസോൺ അക്വിനോ, പാകിസ്താനിൽ ബെനസീർ ഭുട്ടോ, ബം​ഗ്ളാദേശിൽ ഹസീന വാസിദ്, മ്യാൻമറിൽ ഓം​ഗ് സാൻ സു ക്യി തുടങ്ങിയവരും ചരിത്രം കുറിച്ചവർ തന്നെ.

women leads america and world by pp james
ഏഞ്ചല മെർക്കൽ

യൂറോപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർ​ഗരറ്റ് താച്ചർക്ക് ശേഷം ഏറ്റവും ശക്തയായി ഉയർന്നുവന്ന വനിതാ നേതാവ് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. ഫോർബ്സ് മാ​ഗസിൻ റേറ്റിം​ഗ് അനുസരിച്ച് കഴിഞ്ഞ ഒൻപത് വർഷവും ലോകത്തിലെ ഏറ്റവും ശക്തയായ വനിതാ നേതാവും ഏഞ്ചല മെർക്കൽ തന്നെ. യൂറോപ്പിലെ കുടിയേറ്റവിരുദ്ധ നീക്കങ്ങൾക്കെതിരെ പടപൊരുതി ഒഴുക്കിനെതിരെ ജയിച്ചു നിന്ന നേതാവ് എന്ന ഖ്യാതിയും മെർക്കലിനുണ്ട്. ഹൃദയപരമായി ചിന്തിക്കുന്ന മെർക്കൽ, ജർമനിയെ സാമ്പത്തികമായും ശക്തമായ നിലയിൽ നിലനിർത്തി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിലും മറ്റ് യൂറോപ്യൻ നേതാക്കളേക്കാൾ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മെർക്കലാണ്. ഹിറ്റ്ലറുടെ ജർമനിയിൽ ഒരു വനിതാ നേതാവ് സമ്പൂർണ ആധിപത്യം പുലർത്തുന്നതും ഇതാദ്യമാണ്.

women leads america and world by pp james
ഗ്രെറ്റ തുൻബർ​ഗ്

പുതിയ വനിതാ നേതാക്കളിൽ പരിസ്ഥിതി പ്രവർത്തകയായ പതിനാറുകാരി ​ഗ്രെറ്റ തുൻബർ​ഗുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ദശലക്ഷ കണക്കിന് യുവജനങ്ങളെ അണിനിരത്തിയ ​ഗ്രെറ്റ രണ്ടുതവണ നൊബേൽ സമ്മാനത്തിനുള്ള അവസാന പട്ടികയിൽ ഇടംപിടിച്ചിരുന്നു.

അമേരിക്കയിലെ ജനപ്രതിനിധിസഭയിൽ സ്പീക്കറായ നാൻസി പെലോസി നിർണായക ഘട്ടങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരെ വെല്ലുവിളിച്ചു. കഴിഞ്ഞ ഡിസംബറിൽ ദേശിയ ലോക്ഡൗൺ സംബന്ധിച്ച് ട്രംപുമായി ഏറ്റുമുട്ടി. അമേരിക്കൻ ചരിത്രത്തിൽ സ്പീക്കർ സ്ഥാനത്തിരിക്കുന്ന ആദ്യ വനിത എന്ന ബഹുമതി നേടിയ നാൻസി അമേരിക്കയിൽ ഉയർന്നുവന്ന ശക്തമായ സ്ത്രീ സാന്നിധ്യമാണ്. അമേരിക്കൻ പ്രസിഡന്റ് കസേരയുടെ അടുത്തുവരെ എത്തിയ ഹില്ലരി ക്ലിന്റനെ മറക്കുന്നില്ല.

women leads america and world by pp james
നാൻസി പെലോസി

ഡോണൾഡ് ട്രംപിനെ വിറപ്പിച്ച ഇംപീച്ച്മെന്റ് നടപടികൾക്ക് നേതൃത്വം നൽകിയതും സ്പീക്കർ എന്ന നിലയിൽ നാൻസിയാണ്. ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെന്റ് പ്രമേയം, സെനറ്റിൽ നേരിയ വോട്ടിന് തള്ളിയാണ് ട്രംപ് തടിതപ്പിയത്. ലോകത്തിലെ ഏറ്റവും ശക്തയായ വനിതാ നേതാക്കളിൽ മൂന്നാം സ്ഥാനത്താണ് നാൻസി ഇപ്പോൾ.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ഉർസുല വോൺഡെർലെയൻ, ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്. ഏഞ്ചല മെർക്കലിന്റെ മന്ത്രിസഭയിൽ അം​ഗമായിരുന്നു ഉർസുല.

കൊറോണ വൈറസ് സൃഷ്ടിച്ച വൻ പ്രതിസന്ധിയിൽ, അതിനെ നേരിട്ടപ്പോഴും തിളങ്ങി നിൽക്കുന്നവരിൽ പ്രമുഖർ വനിതാ നേതാക്കൾ തന്നെ. തായ് വാനും ന്യുസീലൻഡും മുതൽ ജർമനിയും ഫിൻലൻഡുമൊക്കെ കൊറോണയെ പരാജയപ്പെടുത്തിയപ്പോൾ, അവിടെയെല്ലാം രാജ്യത്തിന്റെ തലപ്പത്ത് ഹൃദയം കൊണ്ടു ചിന്തിക്കുന്ന വനിതാ നേതാക്കളാണ് ലോകത്തിന്റെ കൈയടി നേടിയത്.

women leads america and world by pp james
സായ് ഇം​ഗ് വെൻ

കൊറോണയ്ക്കെതിരെ ഏറ്റവും വേ​ഗത്തിൽ ശക്തമായ നടപടി എടുത്തത് തായ് വാന്റെ വനിതാ പ്രസി‍ന്റ് സായ് ഇം​ഗ് വെൻ ആണ്. ചൈനയുടെ സമീപത്ത് കിടക്കുന്ന തായ് വാൻ ഒരു കോടി മാസ്ക് അമേരിക്കയ്ക്കും യൂറോപ്പിനും നൽകി. വിരലിലെണ്ണാവുന്നവരിൽ മരണം ഒതുക്കി, ജനങ്ങളെ രക്ഷിച്ച് വീരവനിതയായി സായ് ഇം​ഗ് വെൻ. ചൈനയെ പോലും അമ്പരപ്പിച്ച നേതൃപാടവമാണ് അവർ കാഴ്ചവച്ചത്.

women leads america and world by pp james
ജസീന്ത ആർഡൻ

ന്യുസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ കൊവിഡിനെ നേരിട്ട് പരാജയപ്പെടുത്തിയ നേട്ടത്തിൽ വീണ്ടും വൻ ഭൂരിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനമേറ്റു. ഹൃദയപരമായി ചിന്തിക്കുമ്പോൾ തന്നെ പ്രതിസന്ധിയെ നേരിടാൻ കടുത്ത നടപടികൾ എടുക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു.

women leads america and world by pp james
കാതറിൻ ജക്കോബ്സ്ഡോട്ടിൻ

ഐസ് ലൻഡ് വനിതാ പ്രധാനമന്ത്രി കാതറിൻ ജക്കോബ്സ്ഡോട്ടിൻ സൗജന്യ കൊറോണ ടെസ്റ്റ് നടത്തിയാണ് കൊവിഡിനെ കീഴ്പ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാർട്ടിന്‌‍ സാമൂഹ്യ മാധ്യമങ്ങളുടെ ശക്തി വഴിയാണ് കൊറോണയെ നേരിട്ട് വിജയം കണ്ടത്.

women leads america and world by pp james
എർണ സോൾബെർ​ഗ്

നോർവെ പ്രധാനമന്ത്രി എർണ സോൾബെർ​ഗ് രാജ്യത്തെ കുട്ടികളോട് നേരിട്ട് ടെലിവിഷൻ സംഭാഷണം നടത്തുക എന്ന നൂതന രീതിയാണ് കൊവിഡിനെ നേരിടാൻ സ്വീകരിച്ചത്. സ്നേഹവും കരുതലും മുഖമുദ്രയാക്കി ഈ വനിതാ നേതാക്കൾ നടത്തിയ മുന്നേറ്റം നേതൃത്വത്തിന് പുതിയ ഭാഷ്യം നൽകി. ജനതയെ കരങ്ങളിൽ വാരിപുണർന്ന് ആലിം​ഗനം ചെയ്യുന്ന പ്രതീതിയാണ് ഈ വനിതാ നേതാക്കൾ നൽകിയത്.

ന്യുസീലൻഡിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം നടന്നപ്പോൾ പർദ ധരിച്ചെത്തി മുസ്ലിം ജനതയെ വാരിപുണർന്ന ജസീന്ത ആർഡൻ തന്നെ ഉദാഹരണം.

women leads america and world by pp james

എന്നാൽ, സർവാധിപത്യ നിലപാട് സ്വീകരിച്ച രാജ്യങ്ങളുടെ പുരുഷ കേസരികൾ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ തിരിച്ചടി നേരിട്ടതും കാണേണ്ടിവന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തിയും കൊവിഡിനെ പുച്ഛിച്ചുതള്ളിയും നീങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ബോൾസനാരോ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു എന്നിവർക്കെല്ലാം രാജ്യത്തെ കൊവിഡ് ബാധ നേരിടാനാവാതെ നട്ടം തിരിയേണ്ടിയും വന്നു.

ആണുങ്ങളെ പോലെ പെരുമാറുന്ന വനിതാ നേതാക്കൾ വേണമെന്ന പഴയ ചിന്താ​ഗതിക്ക് മാറ്റം വരികയാണ്. ഹൃദയത്തിന്റെ ഭാഷ മനസിലാവുന്ന ഭാവനാ സമ്പന്നരായ വനിതാ നേതാക്കൾ ഉയർന്നുവരുന്നുവെന്ന സൂചനയാണ് അമേരിക്കയിലെ പുതിയ സംഭവവികാസങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്. അടുക്കളവിട്ട് അരങ്ങത്ത് വന്ന സ്ത്രീശക്തി ലോകം ഭരിക്കുന്ന കാലം വിദൂരമല്ല എന്ന് ചുരുക്കം.

Story Highlights around the world, ente lokam, america

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top