പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഐഎം നേതാവിനെ വെള്ളപൂശി സഹകരണ വകുപ്പ്

flood fund scam

പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ അയ്യനാട് സഹകരണ ബാങ്കിലെ ജീവനക്കാരനും കേസിലെ പ്രതിയുമായ അന്‍വറിനെയും ഭരണസമിതിയെയും വെള്ളപൂശി സഹകരണ വകുപ്പ്.
ബാങ്കിന്റെ പേരിലുള്ള അക്കൗണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സിപിഐഎം നേതാവ് അന്‍വറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും പിഴവ് മനസിലാക്കിയപ്പോള്‍ അന്‍വര്‍ പണം തിരിച്ചടച്ചെന്നും വിവരാവകാശ ചോദ്യത്തിന് സഹകരണ സംഘം രജിസ്ട്രാര്‍ മറുപടി നല്‍കി.

Read Also : കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ്; പണം കണ്ടെത്താൻ കഴിയാതെ ക്രൈംബ്രാഞ്ച്

തട്ടിപ്പ് കേസില്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. സഹകരണ ബാങ്കിന്റെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ ഉണ്ടായിരുന്ന അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് സിപിഐഎം നേതാവായിരുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് കളക്ട്രേറ്റിലെ ട്രഷറി അക്കൗണ്ടില്‍ നിന്നുള്ള പണം മാറ്റിയത്.

പിഴവ് തിരിച്ചറിഞ്ഞപ്പോള്‍ നിര്‍ദേശം അനുസരിച്ച് അന്‍വര്‍ പണം തിരിച്ചടച്ചെന്നാണ് സഹകരണ വകുപ്പ് പറയുന്നത്. അന്‍വറിനെയും ബാങ്കിനെയും സംരക്ഷിച്ചുള്ള മറുപടിയാണ് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവിന്റെ വിവരാവകാശ അപേക്ഷയില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് അയ്യനാട് സഹകരണ ബാങ്ക് ജീവനക്കാരനും സിപിഐഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം എം അന്‍വര്‍. കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍. കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് 73 ലക്ഷം രൂപ കാണാതായ കേസിലും വിഷ്ണു പ്രസാദിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

Story Highlights flood fund fraud case, cpim, coperative department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top